സബ്‌സിഡിയില്ലെങ്കിൽ മസ്കിന് കടയും പൂട്ടി സൗത്ത്‌ ആഫ്രിക്കയിലേക്ക് തിരിച്ച് പോകേണ്ടിവന്നേനെ: ആഞ്ഞടിച്ച് ട്രംപ്

മറ്റാർക്കും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സബ്സിഡികൾ മസ്കിന് ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ട്രംപ്

വാഷിംഗ്ടൺ: ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഇലോൺ മസ്‌ക് വിമർശനം കടുപ്പിച്ചതിന് പിന്നാലെ മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. സർക്കാർ സബ്‌സിഡികൾ ലഭിച്ചിരുന്നില്ലെങ്കിൽ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്നാണ് ട്രംപ് മറുപടി നൽകിയത്. മറ്റാർക്കും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സബ്സിസികൾ മസ്കിന് ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ട്രംപ് വിമർശിച്ചു.

'റോക്കറ്റ്, സാറ്റ്‌ലൈറ്റ് ലോഞ്ചുകൾ വേണ്ട, വൈദ്യുതി കാർ നിർമാണവും ഒന്നും വേണ്ട. വലിയപണം ഇതിൽനിന്ന് ലാഭിക്കാം. 'ഡോജി'നോട് ഇക്കാര്യം ഒന്ന് പരിശോധിക്കാൻ ആവശ്യപ്പെടാവുന്നതാണ്' എന്നും ട്രംപ് കൂട്ടിച്ചേർത്തു. ബിഗ് ബ്യൂട്ടിഫുൾ ബിൽ നിയമമായാൽ താൻ ഉടനെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് മസ്‌ക് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നും മസ്‌ക് വ്യക്തമാക്കിയിരുന്നു. ഇതിനോടായിരുന്നു ട്രംപിന്റെ പ്രതികരണം.

ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ 'കടം അടിമത്ത ബിൽ' എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ കടം ഉയർത്തുന്ന ഈ ബില്ലിനെതിരെ പ്രതിനിധികൾക്ക് എങ്ങനെ വോട്ട് ചെയ്യാനാകുമെന്നും മസ്‌ക് ചോദിക്കുന്നുണ്ട്. നേരത്തെ, ട്രംപുമായുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമായിരിക്കുന്ന സമയത്തുതന്നെ പുതിയ രാഷ്ട്രീയപാർട്ടിയുണ്ടാക്കുമെന്ന് മസ്‌ക് സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് അഭിപ്രായ സർവേയും നടത്തിയിരുന്നു.

ഉടൻ നിയമമായേക്കാവുന്ന ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ തട്ടിയാണ് ട്രംപ് -മസ്‌ക് ബന്ധം ഉലഞ്ഞത്. ബില്ലിനെ 'ഫെഡറൽ കമ്മി വർദ്ധിപ്പിക്കുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത' എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചിരുന്നത്. തൻ്റെ സാമ്പത്തിക പദ്ധതിയുടെ പ്രധാനപ്പെട്ട ഭാഗമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിയമനിർമ്മാണത്തെ കണക്കാക്കുന്നത്. തുടർന്ന് ജെഫ്രി എപ്‌സ്റ്റീൻ ലൈംഗികാരോപണ കേസുമായി ട്രംപിനെ ബന്ധപ്പെടുത്തി മസ്‌ക് രംഗത്തുവന്നിരുന്നു. ഇരുവരും പരസ്പരം രൂപക്ഷമായ വാഗ്‌വാദത്തിലേർപ്പെടുകയും ചെയ്തിരുന്നു.

Content Highlights: Trump slashes at musk over big beautiful bill

To advertise here,contact us