പറഞ്ഞ വാക്ക് പാലിച്ച് ട്രംപ്; സിറിയക്ക് മേലുള്ള ഉപരോധങ്ങൾ അവസാനിപ്പിക്കുന്ന ഉത്തരവിൽ ഒപ്പുവെച്ചു

എന്നാൽ പുതിയ സിറിയൻ ഭരണകൂടത്തിന്റെ മേലുള്ള നിരീക്ഷണം അമേരിക്ക തുടരും

വാഷിംഗ്ടൺ: സിറിയക്ക് മേൽ വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. സിറിയയെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതയിലേക്ക് കൊണ്ടുവരാൻ അമേരിക്കയുടെ പിന്തുണയുണ്ടാകും എന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

എന്നാൽ പുതിയ സിറിയൻ ഭരണകൂടത്തിന്റെ മേലുള്ള നിരീക്ഷണം അമേരിക്ക തുടരും. ഇസ്രയേലുമായുള്ള ബന്ധം, ഭീകരവാദം, പലസ്തീൻ സംഘടനകൾ എന്നിവരുമായുള്ള ബന്ധവുമാകും തുടർന്നും നിരീക്ഷണത്തിലുണ്ടാകുക. മുൻ പ്രസിഡന്റ് ബാഷർ അൽ അസദ്, അദ്ദേഹത്തിന്റെ സഹായികൾ, ഇസ്ലാമിക്ക് സ്റ്റേറ്റ്, ഇറാൻ പ്രോക്സി സംഘടനകൾ എന്നിവർക്ക് മേലുള്ള ഉപരോധങ്ങൾ തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ നീക്കം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് കാരണമാകുമെന്നും, രാജ്യാന്തര സമൂഹത്തിന് മുൻപാകെ സിറിയയെ തുറന്നുനൽകുമെന്നും സിറിയൻ വിദേശകാര്യമന്ത്രി അസാദ് അൽ ഷിബാനി പറഞ്ഞു.

സിറിയയിലെ ഭരണമാറ്റത്തിന് ശേഷം അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുമെന്ന് ട്രംപ് വാക്കുനൽകിയിരുന്നു. ഉപരോധങ്ങൾ സിറിയയെ മോശം നിലയിലാക്കിയെന്നും ഇനി സിറിയ തെളിയിക്കട്ടെ എന്നുമായിരുന്നു ട്രംപിന്റെ നിലപാട്. മെയിൽ പശ്ചിമേഷ്യൻ സന്ദർശനത്തിനിടെ പുതിയ പ്രസിഡ്ന്റ് അഹ്മദ് അൽ ഷരായുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ട്രംപിനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. 1979 മുതൽക്ക് യുഎസ് ചുമത്തിയ ഉപരോധങ്ങൾ, സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥന പ്രകാരം പിൻവലിക്കുമെന്ന് ട്രംപ് റിയാദിൽ വെച്ച് വാക്കും നൽകിയിരുന്നു.

സിറിയയിലെ വിമത ഗ്രൂപ്പായ എച്ച്ടിഎസിന്റെ നേതാവായ അഹ്മദ് അൽ ഷരാ നേരത്തെ യുഎസ് കൊടുംഭീകരനായി പ്രഖ്യാപിച്ച ആളായിരുന്നു. അൽ ഖയ്ദ ബന്ധമായിരുന്നു ഭീകരമായി പ്രഖ്യാപിക്കാനുള്ള കാരണം. വിവരം തരുന്നവർക്ക് പത്ത് മില്യൺ ഡോളർ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഭീകര ബന്ധങ്ങൾ വിട്ടെറിഞ്ഞു എന്ന് അവകാശപ്പെട്ട ശേഷം സിറിയയുടെ താത്കാലിക പ്രസിഡന്റ് പദവിയിലേക്ക് വരെ അൽ ഷരാ എത്തിയതോടെയാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്.

2024 ഡിസംബറിലാണ് സിറിയൻ വിമതസേന ദമാസ്കസ് പിടിച്ചടക്കുന്നത്. തുർന്ന് പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ട് റഷ്യയിൽ അഭയം തേടിയിരുന്നു. സിറയയിൽ ഒരു ദശകത്തോളമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനൊടുവിലാണ് ബാഷർ അൽ അസദ് രാജ്യം വിട്ടത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ന​ഗരങ്ങളെല്ലാം ഒന്നൊന്നായി കീഴിടക്കിയ വിമതസേനയ്ക്ക് മുൻപാകെ അസദിന് പിടിച്ചുനിൽക്കാനായിരുന്നില്ല. കൂട്ട പലായനങ്ങളുടെയും അടിച്ചമർത്തലിന്റെയും ദൂരത്തിന്റെയും കാലമായാണ് അസദിന്റെ കാലം വിലയിരുത്തപ്പെടുന്നത്.

Content Highlights: trump signs executive order ending sanctions on syria

To advertise here,contact us