അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവകേന്ദ്രത്തിൽ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

ഉദ്യോഗസ്ഥർ ഫോർദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാൻ്റിൽ ക്രെയിൻ പ്രവർത്തിക്കുന്നതായി ചിത്രങ്ങൾ സൂചിപ്പിക്കുന്നു

തെഹ്റാൻ: ഫോർദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാൻ്റിലെ പ്രവർത്തനങ്ങൾ കാണിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. പ്രശസ്ത ജിയോസ്പേഷ്യൽ ഇൻ്റലിജൻസ് സ്ഥാപനമായ മാക്‌സർ ടെക്‌നോളജീസ് ആണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന അമേരിക്കൻ വ്യോമാക്രമണം മൂലം ഉണ്ടായ ദ്വാരങ്ങളിലും വെൻ്റിലേഷൻ ഷാഫ്റ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വെളിപ്പെടുത്തുന്നതെന്നാണ് മാക്‌സർ ചൂണ്ടിക്കാണിക്കുന്നത്. നിരവധി ഉദ്യോഗസ്ഥർ ഫോർദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാൻ്റിൽ ക്രെയിൻ പ്രവർത്തിപ്പിക്കുന്നതായി ചിത്രങ്ങൾ സൂചിപ്പിക്കുന്നുവെന്നും മാക്‌സർ പറ‍ഞ്ഞു.

മാക്‌സർ പറയുന്നതനുസരിച്ച്, ഭൂഗർഭ സമുച്ചയത്തിന് മുകളിലുള്ള അറ്റത്ത് വടക്കൻ ഷാഫ്റ്റിന് തൊട്ടടുത്തായി ഒരു എക്‌സ്‌കവേറ്റർ സ്ഥാപിച്ചിട്ടുണ്ട്. ഷാഫ്റ്റിൻ്റെ/ദ്വാരത്തിൻ്റെ പ്രവേശന കവാടത്തിലാണ് ഉദ്യോ​ഗസ്ഥർ ക്രെയിൻ പ്രവർത്തിപ്പിക്കുന്നത്. നിരവധി വാഹനങ്ങൾ റിഡ്ജിന് താഴെയായി കാണുന്നുണ്ട്. സൈറ്റിലേക്ക് പ്രവേശിക്കുന്നതിനായി നിർമ്മിച്ച വഴിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതെന്നും മാക്സർ പറയുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇൻ്റർനാഷണൽ സെക്യൂരിറ്റിയെ നയിക്കുന്ന മുൻ ന്യൂക്ലിയർ ഇൻസ്‌പെക്ടർ ഡേവിഡ് ആൽബ്രൈറ്റ് മാക്സറിൻ്റെ സാറ്റലൈറ്റ് ചിത്രങ്ങൾ വിലയിരുത്തിയിരുന്നുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഫോർദോയിൽ നിന്നുള്ള ചിത്രങ്ങളിൽ രണ്ട് എംഒപി ഇംപാക്റ്റ് സൈറ്റുകളിൽ ഇറാനിയൻ ഉദ്യോ​ഗസ്ഥർ സജീവമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കേടുപാടുകൾ വിലയിരുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് നി​ഗമനം. റേഡിയോളജിക്കൽ സാംപിളിംഗ് നടത്തുന്നതായി മാക്‌സർ വിലയിരുത്തുന്നു. ഇറാനിയൻ ഉദ്യോ​ഗസ്ഥർ പ്രധാന പ്രവേശന കവാടത്തിലെ കേടുപാടുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തി നിരീക്ഷിച്ചു വരികയാണ്. തുരങ്കത്തിൻ്റെ പ്രവേശന കവാടങ്ങളൊന്നും വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ അമേരിക്കൻ ബി2 ബോംബർ ജെറ്റുകൾ ഫോർദോയിൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചിരുന്നു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ രണ്ട് ഡസനിലധികം ബങ്കർ-ബസ്റ്റർ ബോംബുകൾ അമേരിക്ക വർഷിച്ചതായിട്ടായിരുന്നു റിപ്പോർട്ടുകൾ. യുഎസ് അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച ടോമാഹോക്ക് മിസൈലുകൾ മധ്യ ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിലും പതിച്ചിരുന്നു. യുഎസ് മാസിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) ബോംബുകൾ ഫോർദോയിലെ രണ്ട് വെൻ്റിലേഷൻ ഷാഫ്റ്റുകളെ ലക്ഷ്യം വച്ചിരുന്നതായാണ് നേരത്തെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ വ്യക്തമാക്കിയത്. ഫോർദോയിൽ പതിച്ച യുഎസ് ബോംബുകളിൽ ഭൂരിഭാഗവും വളരെ വേഗതയിൽ നീങ്ങി ലക്ഷ്യ സ്ഥാനത്ത് പൊട്ടിത്തെറിക്കുന്നതാണെന്നും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ബ്രീഫിംഗിൽ പെൻ്റഗൺ പറഞ്ഞിരുന്നു. ആണവകേന്ദ്രങ്ങളിലെ മെയിൻ ഷാഫ്റ്റിലേക്ക് പ്രവേശിക്കാൻ കഴിവുളള ബോംബുകളായിരുന്നു യുഎസിന്റേതെന്നും ബ്രീഫിംഗിൽ പറഞ്ഞിരുന്നു.

ആണവായുധം നിർമ്മിക്കുന്നതിനായുളള ഇറാൻ്റെ ഏറ്റവും സമ്പുഷ്ടമായ യുറേനിയത്തിൻ്റെ ഭൂരിഭാഗവും ഫോർദോ ആണവ കേന്ദ്രത്തിലാണെന്നാണ് കണക്കാക്കുന്നത്. ആക്രമണത്തിൽ ഫോർദോ പ്ലാൻ്റിൽ കേടുപാടുകൾ സംഭവിച്ചോ ഇല്ലയോ എന്ന് വ്യക്തമല്ലെന്നാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) സ്ഥിരീകരിക്കുന്നത്. ഇറാന് വേണമെങ്കിൽ ഒരു മാസം കൊണ്ട് യുറേനിയം സമ്പുഷ്ടീകരണം പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ ഡയറക്ടർ ജനറൽ റഫേൽ ​ഗ്രോസിയും അറിയിച്ചിരുന്നു. ഐഎഈഎ റിപ്പോർട്ട് അനുസരിച്ച്, ഇറാനിൽ 400 കിലോ (880lb) യുറേനിയം 60 ശതമാനം വരെ ശുദ്ധിയുള്ളതാണ്. ഏകദേശം 90 ശതമാനം ആയുധ ഗ്രേഡിന് അടുത്താണ്. ഇറാന് ഒമ്പത് ആണവായുധങ്ങൾ ഉണ്ടാക്കുന്നതിനായി ഇത് കൂടുതൽ സമ്പുഷ്ടമാക്കിയാൽ മതിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

New satellite images show work at Iran’s Fordow nuclear site after US bombing https://t.co/SPn88WjhoH pic.twitter.com/qXxpxIDAZP

ഇറാൻ്റെ ആണവ അഭിലാഷങ്ങളെ പിന്നോട്ട് നയിച്ചെന്ന ട്രംപിന്റെ അവകാശവാദത്തെ തളളിക്കളഞ്ഞ് കൊണ്ടാണ് റഫേൽ ​ഗ്രോസി കഴിഞ്ഞ ദിവസം രം​ഗത്തെത്തിയത്. ഇറാൻ്റെ ചില പ്രധാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടെങ്കിലും ചിലത് ഇപ്പോഴും നിലനിൽക്കുന്നു എന്നായിരുന്നു ഗ്രോസിയുടെ പ്രതികരണം. ഏതാനും മാസങ്ങൾക്കുള്ളിൽ സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കുന്ന സെൻട്രിഫ്യൂജുകളുടെ കുറച്ച് കാസ്കേഡുകൾ അവർക്ക് ഉണ്ടാകാം അത് വേണമെങ്കിൽ നേരത്തെയാകാമെന്നും ​ഗ്രോസി പറഞ്ഞിരുന്നു.

ആയുധമുണ്ടാക്കുന്നതിന് തൊട്ടുതാഴെയുള്ള 60 ശതമാനം സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ ഇറാനിയൻ ശേഖരത്തെക്കുറിച്ചും അദ്ദേഹം ആശങ്കകൾ ഉന്നയിച്ചു. ഇത് കൂടുതൽ ശുദ്ധീകരിച്ചാൽ സാങ്കേതികമായി ഒമ്പതിലധികം ന്യൂക്ലിയർ ബോംബുകൾ ഉത്പാദിപ്പിക്കാൻ ഇറാന് കഴിയുമെന്നും ​ഗ്രോസി കൂട്ടിച്ചേർത്തു. ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ആക്രമണത്തിന് മുമ്പ് ഈ ശേഖരം മാറ്റിയതാണോ അതേ അതോ ഭാഗികമായി നശിച്ചോയെന്ന് ഐഎഇഎയ്ക്ക് അറിയില്ലെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷെ ഇതിൽ എപ്പോഴെങ്കിലും ഒരു വ്യക്തത ഉണ്ടാകേണ്ടതുണ്ടെന്നും ​ഗ്രോസി അറിയിച്ചിരുന്നു.

മാസങ്ങൾക്കുള്ളിൽ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കാനുള്ള ശേഷി കൈവരിക്കുമെന്നും ഇത് ഇസ്രയേലിൻ്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ജൂൺ 13ന് ഇസ്രയേൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. എന്നാൽ ഇസ്രയേലിന്റെ അവകാശവാദം ഇറാൻ അം​ഗീകരിച്ചിരുന്നില്ല. ഇസ്രയേൽ ഇറാൻ്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചെങ്കിലും ഭൂ​ഗർഭ ആണവകേന്ദ്രമായ ഫോർദോയിലെ ആണവകേന്ദ്രത്തിന് നാശം വരുത്താൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഫോർദോ അടക്കം ഇറാനിലെ മൂന്ന് ആണവ നിലയങ്ങൾ അമേരിക്ക് ബി2 ബോംബറുകൾ ഉപയോ​ഗിച്ച് തകർത്തത്. ബങ്കർ ബ്ലസ്റ്റർ ബോംബുകളിലൂടെ മൂന്ന് കേന്ദ്രങ്ങൾ തകർത്തതായി അമേരിക്ക അറിയിച്ചിരുന്നു. ഇറാൻ്റെ ആണവ പദ്ധതിയെ തകർത്തെന്നും അമേരിക്ക അവകാശപ്പെട്ടിരുന്നു.

12 ദിവസത്തോളം നീണ്ടുനിന്ന തുറന്ന യുദ്ധത്തിൽ അമേരിക്കയും പങ്കാളികളായിരുന്നു. ഇറാനിലെ മൂന്ന് ആണവനിലയങ്ങളിൽ അമേരിക്കയുടെ ബി2 ബോംബർ വിമാനങ്ങൾ ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചിരുന്നു. ഇതിന് പിന്നാലെ ഖത്തറിലെ അമേരിക്കയുടെ അൽ-ഉദെയ്ദ് സൈനിക താവളത്തിനും ഇറാഖിലെ സൈനിക താവളത്തിനും എതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂൺ 24ന് ഖത്തറും അമേരിക്കയും മുൻകൈ എടുത്ത് ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്.

യുദ്ധത്തിൽ ഇസ്രായേലും ഇറാനും വിജയം അവകാശപ്പെട്ടിരുന്നു. ഇറാൻ്റെ ആണവ പദ്ധതികൾ തകർത്തു എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെയും അവകാശവാദം. എന്നാൽ ഇസ്രയേലിൻ്റെയും അമേരിക്കയുടെയും അവകാശവാദങ്ങളെ ഇറാൻ തള്ളിയിരുന്നു. ട്രംപ് അസാധാരണമായ രീതിയിൽ സംഭവങ്ങളെ അതിശയോക്തിപരമായി അവതരിപ്പിച്ചു എന്നായിരുന്നു ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതികരണം. ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി പിന്നോട്ട് പോയെന്ന അമേരിക്കൻ അവകാശവാദങ്ങളും ഇറാൻ നിഷേധിച്ചിരുന്നു.

Content Highlights: New Satellite Images Showing Activities at the Fordow Nuclear Enrichment Plant are Out

To advertise here,contact us