ടെഹ്റാന്: അമേരിക്കയുടെ ഓപ്പറേഷന് മിഡ്നൈറ്റ് ഹാമറിന് ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇറാന്റെ തിരിച്ചടി രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടായേക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴായിരുന്നു രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയത്. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. ഫൊര്‍ദോയിലെ ആണവ സമ്പൂഷ്ടീകരണ കേന്ദ്രത്തിന് നേരെ ബി 2 സ്റ്റെല്‍ത്ത് ബോംബര്‍ ഉപയോഗിച്ചായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. നതാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ടോമഹോക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇതിന് പിന്നാലെ ഇറാനെതിരെ വിജയകരമായി ആക്രമണം നടത്തിയെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ആക്രമണത്തില്‍ കാര്യമായ നാശനഷ്ടം സംഭവിച്ചില്ലെന്നായിരുന്നു ഇറാന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ഇസ്രയേലിനെതിരെ ഇറാന് ശക്തമായ തിരിച്ചടി നല്‍കുകയും പ്രതികരിച്ച് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേി രംഗത്തെത്തുകയും ചെയ്തിരുന്നു. സയണിസ്റ്റ് ശത്രു വലിയ തെറ്റ് ചെയ്തുവെന്നും ശിക്ഷിക്കപ്പെടണം എന്നുമായിരുന്നു ഖമേനി പറഞ്ഞത്.
ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്കെതിരെ വിമര്‍ശനവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. അമേരിക്കയ്ക്കെതിരെ ചൈന, റഷ്യ, പാകിസ്താന്, ക്യൂബ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ അടക്കം രംഗത്തുവന്നിരുന്നു. അമേരിക്ക നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം എന്നായിരുന്നു ചൈനയും റഷ്യയും പാകിസ്താനും അഭിപ്രായപ്പെട്ടത്. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പിലാക്കണമെന്നും രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത് അപകടകരമായ കടന്നുകയറ്റമാണെന്നായിരുന്നു ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ പറഞ്ഞത്. അമേരിക്കയുടെ നടപടി ആശങ്കപ്പെടുത്തുന്നത് എന്നായിരുന്നു സ്പെയിന് പ്രതികരിച്ചത്. അമേരിക്കയുടെ ഇടപെടലിനെ രൂക്ഷഭാഷയിലായിരുന്നു അറബ് രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചത്. വരാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അറബ് രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
Content Highlights- Iran's retaliatory attack against US strikes possible with in two days report