50 മിനിറ്റ് സംഭാഷണം; ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിന്‍; റഷ്യയും പിന്മാറണമെന്ന് ട്രംപ്

ഇന്ന് രാവിലെയാണ് ഇരുവരും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ന് രാവിലെയാണ് ഇരുവരും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇന്ന് രാവിലെ പുടിന്‍ ഫോണില്‍ ഡോണാള്‍ഡ് ട്രംപിനെ ബന്ധപ്പെടുകയും പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയുമുണ്ടായി. പ്രധാനമായും അദ്ദേഹത്തിന് നന്നായി അറിയാവുന്ന ഇറാനെക്കുറിച്ചാണ് പുടിന്‍ സംസാരിച്ചതെന്നും സംഭാഷണം ദീര്‍ഘനേരം നീണ്ടെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ഇത് സംബന്ധിച്ച് ട്രംപ് കുറിച്ചത് ഇപ്രകാരമാണ്,

'ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിക്കണമെന്ന് ഞാന്‍ കരുതുന്നത് പോലെ തന്നെ അദ്ദേഹവും കരുതുന്നു, റഷ്യയും യുദ്ധം അവസാനിക്കണമെന്ന് ഞാന്‍ അറിയിച്ചു.'

ഡോണള്‍ഡ് ട്രംപുമായി പുടിന്‍ 50 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചെന്നാണ് അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേഷ്ടാവ് അറിയിച്ചത്.

ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ പുടിന്‍ അപലപിച്ചെന്നും യൂറി ഉഷാക്കോവ് വ്യക്തമാക്കി. അതേസമയം ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ അമേരിക്ക പിന്തുണച്ചു. യുദ്ധം ഉണ്ടാകുകയാണെങ്കില്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്ക പറയുമ്പോഴും ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന നിലപാടിലാണ് ഇറാന്‍. നേരത്തെ ഇറാനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. നടന്നത് മികച്ച ആക്രമണമായിരുന്നെന്നും ഇനിയും വരാനിരിക്കുന്നതേയുളളുവെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

Content Highlights: Trump speaks to Putin about Iran-Israel crisis

To advertise here,contact us