ഇറാൻ-ഇസ്രയേൽ ആക്രമണം; യുക്രെയ്‌നുള്ള സൈനിക സഹായം കുറയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി സെലന്‍സ്‌കി

ഇറാനെതിരായ ആക്രമണം എണ്ണവിലയിൽ വർദ്ധനവിന് കാരണമായി. ഇത് റഷ്യയ്ക്ക് ഗുണം ചെയ്യുമെന്നും സെലെൻസ്‌കി

കീവ്: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടരവെ കീവിനുളള സൈനിക സഹായം കുറയ്ക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്‌കി. കഴിഞ്ഞ തവണ യുദ്ധം ഉണ്ടായപ്പോൾ യുക്രെയ്നുളള സൈനിക സഹായം മന്ദഗതിയിലായിരുന്നുവെന്നും സെലന്‍സ്‌കി പറ‍ഞ്ഞു. ഇറാനെതിരായ ആക്രമണം എണ്ണവിലയിൽ വർദ്ധനവിന് കാരണമായി. ഇത് റഷ്യയ്ക്ക് ഗുണം ചെയ്യുമെന്നും സെലെൻസ്‌കി പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുണ്ടെന്നും അന്ന് വില പരിധി സംബന്ധിച്ച വിഷയം ഉന്നയിക്കുമെന്നും സെലൻസ്കി പറഞ്ഞു. ഇറാനിൽ നിന്നും റഷ്യയിലേയ്ക്കുള്ള സൈനിക ഉപകരണങ്ങളുടെ വിതരണം കുറയുമെങ്കിൽ ഇസ്രയേലിൻ്റെ ആക്രമണം യുക്രെയ്ന് സഹായകരമെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു. യുക്രെയ്നിൽ നടത്തുന്ന ആക്രമണങ്ങൾക്കായി റഷ്യ ഇറാനിയൻ നിർമ്മിത ഡ്രോണുകളെയാണ് വലിയ നിലയിൽ ആശ്രയിക്കുന്നതെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. യുക്രെയ്ൻ-റഷ്യ യുദ്ധത്തെ കുറിച്ചും സെലൻസ്കി പ്രതികരിച്ചു. യുദ്ധത്തിന്റെ അവസ്ഥ ഇപ്പോൾ വളരെ മോഷമാണ്. റഷ്യയോടുളള അമേരിക്കയുടെ സമീപനം മാറണം. അത് യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേ സമയം ,ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചിരുന്നു. ഇസ്രയേല്‍-ഇറാന്‍ യുദ്ധം അവസാനിക്കണമെന്ന് താൻ ആ​ഗ്രഹിക്കുന്നത് പോലെ തന്നെ അദ്ദേഹവും ആ​ഗ്രഹിക്കുന്നത്. റഷ്യയും യുദ്ധം അവസാനിക്കണമെന്ന് താൻ അറിയിച്ചിട്ടുണ്ടെന്നും പുടിൻ പറ‍ഞ്ഞു. ഡോണള്‍ഡ് ട്രംപുമായി പുടിന്‍ 50 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചെന്നാണ് അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേഷ്ടാവ് അറിയിച്ചത്. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ പുടിന്‍ അപലപിച്ചെന്നും യൂറി ഉഷാക്കോവ് വ്യക്തമാക്കിയുരുന്നു.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നും രംഗത്തെത്തിയിരുന്നു. ഇറാനെ അക്രമിക്കുന്നതില്‍ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇറാന്‍ അമേരിക്കയെ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്ത രീതിയില്‍ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു.

'ഇറാന്‍ ഏതെങ്കിലും തരത്തില്‍ ഞങ്ങളെ ആക്രമിച്ചാല്‍, മുമ്പ് കാണാത്ത രീതിയില്‍ അമേരിക്കയിലെ സായുധ സേനയുടെ ശക്തി ഇറാന്റെ മേല്‍ പതിക്കും. എന്നിരുന്നാലും ഇറാനും ഇസ്രയേലിനുമിടയില്‍ എളുപ്പത്തില്‍ ഒരു കരാറിലെത്താനും രക്തരൂക്ഷിതമായ സംഘര്‍ഷം ഇല്ലാതാക്കാനും സാധിക്കും', ട്രംപ് പറഞ്ഞു.

Content Highlights: Zelenskyy hopes Israel-Iran crisis won’t reduce military aid

To advertise here,contact us