ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ വിളിച്ചതായും നിലവിലെ സാഹചര്യം വിവരിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ആശങ്കയും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും നെതന്യാഹുവിനെ അറിയിച്ചതായും പ്രധാനമന്ത്രി എക്സിലൂടെ അറിയിച്ചു. ഇറാനെതിരായ സൈനിക ആക്രമണം തുടരവെയാണ് നെതന്യാഹു മോദി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മാര്ട്ടിന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള ആഗോള നേതാക്കളെ ബന്ധപ്പെട്ടത്.
അതേസമയം നെതന്യാഹു ഇതുവരെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി സംസാരിച്ചിട്ടില്ല. ട്രംപ് ഇതിനകം തന്നെ ഇസ്രയേലിന്റെ സൈനിക ആക്രമണത്തെ പിന്തുണയ്ക്കുകയും ഇറാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇനിയും വരാനിരിക്കുന്നതേയുള്ളൂ നടന്നതെല്ലാം മികച്ചതായിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറാന് അവസരം നല്കി, പക്ഷേ അത് ഉപയോഗിച്ചില്ല. കഠിനമായ തിരിച്ചടിയാണ് ഫലമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയിരുന്നില്ല.
അതിനിടെ ഇസ്രയേലിനെതിരെ ശക്തമായി നിലകൊള്ളുമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള മുന്നറിയിപ്പ് നല്കി. ഇസ്രയേല്‍ ഇസ്ഫഹാന് ആണവ കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന് പ്രഖാപിച്ചതിന് തൊട്ടുമുന്‍പാണിത്. ഈ കുറ്റകൃത്യത്തില്‍ നിന്നും അവര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെടാനാകില്ല. ഇതില്‍ ഉപേക്ഷയില്ലെന്നും ആയത്തുള് ഖമേനി പ്രതികരിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇറാനില്‍ ഇസ്രയേല്‍ സൈനിക ആക്രമണം ആരംഭിച്ചത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് സ്ഫോടനങ്ങള്‍ നടന്നത്. ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്റെ കയ്യിലുള്ള ആയുധങ്ങള്‍ ഇസ്രയേലിനും ലോകത്തിനും ഭീഷണിയാണെന്നാണ് ഐഡിഎഫ് പറയുന്നത്. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഐഡിഎഫ് പ്രതികരിച്ചത്.
Content Highlights: PM shares India's concerns in call from Netanyahu