ഇറാൻ്റെ നതാന്‍സിലെ ആണവ കേന്ദ്രത്തിന് കനത്ത നാശനഷ്ടമെന്ന് യു എന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ്

നതാന്‍സിലെ വൈദ്യുത അടിസ്ഥാന സൗകര്യങ്ങളും നശിച്ചിട്ടുണ്ടെന്ന് ന്യൂക്ലിയര്‍ വാച്ച്‌ഡോഗ്

icon
dot image

ടെല്‍ അവീവ്: ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തിലെ ഭൂമിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ആണവ ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള പൈലറ്റ് പ്ലാന്റ് ഇസ്രയേല്‍ നശിപ്പിച്ചതായി യു എന്‍ ന്യൂക്ലിയാര്‍ വാച്ച്‌ഡോഗ്. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലാണ് യു എന്‍ ന്യൂക്ലിയര്‍ വാച്ച്‌ഡോഗ് മേധാവി റഫായേല്‍ ഗ്രോസ്സി ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനിലെ ഫോര്‍ദോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റും ഇസ്ഫഹാനിലെ സൗകര്യങ്ങളും അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും നാശനഷ്ടം എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നതാന്‍സിലെ വൈദ്യുത അടിസ്ഥാന സൗകര്യങ്ങളും നശിച്ചിട്ടുണ്ടെന്ന് ഗ്രോസ്സി പറഞ്ഞു. എന്നാല്‍ അസാധാരണമായ വികിരണങ്ങളൊന്നും അവിടെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേലിന്റെ നടപടിയെ അപലപിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അടിയന്തര സുരക്ഷാ സമിതിയില്‍ അഭ്യര്‍ത്ഥിച്ചു. അന്താരാഷ്ട്ര നിയമങ്ങളും യുദ്ധ നിയമങ്ങളും ഇസ്രയേല്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎനിന്റെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം ഇറാന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ പുലര്‍ച്ചെ ഇറാനിലെ ആണവ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേലായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇറാന്റെ വ്യോമ കേന്ദ്രങ്ങളിലും ആണവകേന്ദ്രങ്ങളിലും ഇന്ന് പുലര്‍ച്ചെയും ഇസ്രയേല്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 78 പേര്‍ കൊല്ലപ്പെട്ടുവെന്നും 320ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ആക്രമണത്തിന് ഇറാനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയിട്ടുണ്ട്. ഏതാണ്ട് 300ഓളം മിസൈലുകള്‍ ഇറാന്‍ ഇസ്രയേലിലേയ്ക്ക് തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 150ഓളം മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചുവെന്നും ഒന്‍പത് മിസൈലുകള്‍ ഒഴികെ ബാക്കിയെല്ലാം വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍ ഡോം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 40ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായുമാണ് ഇസ്രയേല്‍ അറിയിക്കുന്നത്.

Content Highlights: Israel destroyed above ground enrichment facility at Iran s Natanz site says UN nuclear chief

To advertise here,contact us
To advertise here,contact us
To advertise here,contact us