'ജെഫ്രി എപ്സ്റ്റീൻ ലൈംഗികാരോപണ ഫയലുകളിൽ ട്രംപിൻ്റെ പേര്'; വിവാദത്തിനിടെ എക്‌സ് പോസ്റ്റ് മുക്കി മസ്‌ക്

എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്നായിരുന്നു മസ്‌ക് എക്‌സിൽ കുറിച്ചത്

വാഷിംഗ്ടൺ: സെക്സ് ടേപ്പുകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരുണ്ടെന്ന പോസ്റ്റ് പിൻവലിച്ച് സ്പേസ് എക്സ് ഉടമ ഇലോൺ മസ്‌ക്. അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ സെക്സ് ടേപ്പിൽ ട്രംപിന്റെ പേരുണ്ടെന്നായിരുന്നു മസ്‌കിന്റെ പോസ്റ്റ്. മസ്‌കും ട്രംപും തമ്മിലുള്ള പോരിനിടെ ഉന്നയിച്ച ഗുരുതര ആരോപണമായിരുന്നു ഇത്. സെക്സ് ടേപ്പിൽ ട്രംപിന്റെ പേരുള്ളതുകൊണ്ടാണ് റിപ്പോർട്ട് പൂഴ്ത്തിയതെന്നായിരുന്നു ആരോപണം.

എപ്സ്റ്റീന്റെ ബാലപീഡന പരമ്പരയിൽ ട്രംപിനും പങ്കുണ്ടെന്നായിരുന്നു മസ്‌ക് വ്യാഴാഴ്ച എക്‌സിൽ കുറിച്ചത്. ആ കേസിന്റെ റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നതും പുറത്ത് വിടാത്തതും അതുകൊണ്ടാണെന്നും മസ്‌ക് ആരോപിച്ചിരുന്നു. 'ബിഗ് ബോംബ്' എന്ന് വിശേഷിപ്പിച്ചാണ് മസ്‌ക് ഈ പോസ്റ്റ് എക്സിൽ പങ്കുവെച്ചത്. സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്‌ക് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതോടെയാണ് മസ്‌ക് പോസ്റ്റ് പിൻവലിച്ചത്.

സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മസ്‌ക് തന്റെ ആരോപണത്തിൽ നിന്ന് പിൻവാങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ട്. ട്രംപിനെതിരെ മസ്‌ക് രംഗത്ത് വന്നതോടെ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയടക്കം വിഷയം ഏറ്റെടുത്തിരുന്നു. ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്‌റി എഡ്വേർഡ് എപ്സ്റ്റൈന്റെ കേസുമായി ബന്ധപ്പെട്ട രേഖകളിൽ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തൽ വന്നിരുന്നു. വിചാരണ നേരിടാനിരിക്കെ 2019-ൽ ജെഫ്രി ജയിലിൽവെച്ച് ആത്മഹത്യചെയ്തിരുന്നു.

ദിവസങ്ങളായി മസ്‌കും ട്രംപും തമ്മിലുള്ള വാക്‌പോര് ചര്‍ച്ചയാവുകയാണ്. ട്രംപിന്റെ പുതിയ നികുതി ബില്ലാണ് മസ്‌കിനെ ചൊടിപ്പിച്ചത്. 2017 ലെ ടാക്‌സ് കട്ട് ആന്‍ഡ് ജോബ്‌സ് ആക്ടിന്റെ ഭേദഗതിയായിരുന്നു ട്രംപ് അവതരിപ്പിച്ചത്. ഈ ബില്ല് രാജ്യത്തിന്റെ പൊതുകടം വര്‍ധിപ്പിക്കും എന്നതായിരുന്നു മസ്‌കിന്റെ വാദം. ബില്ല് പാസാക്കിയ യുഎസ് സര്‍ക്കാരിന്റെ നടപടിയെ 'മ്ലേച്ഛം' എന്നായിരുന്നു മസ്‌ക് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌കിന്റെ മനസിന്റെ താളം തെറ്റിയെന്ന് ട്രംപ് ആരോപിച്ചു. ഇതോടെ മസ്‌ക്-ട്രംപ് യുദ്ധം കനത്തു. ഒരുഘട്ടത്തില്‍ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അദ്ദേഹത്തിന് പകരം വരണമെന്നും എക്‌സ് പോസ്റ്റിലൂടെ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ തന്നെയായിരുന്നു ജെഫ്രി എപ്സ്റ്റീൻ വിഷയവും മസ്‌ക് ഉന്നയിച്ചത്. പരസ്പരം പോര് മുറുകിയതോടെ ട്രംപ് സര്‍ക്കാരിലെ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) മേധാവിസ്ഥാനത്തുനിന്ന് മസ്‌ക് രാജിവെച്ചിരുന്നു

Content Highlights: Musk Deletes Post Claiming Trump Is In Epstein Files

To advertise here,contact us