'ബംഗ്ലാദേശിൽ നിന്നും മ്യാന്മറിൽ നിന്നുമുള്ള 'വിദേശ ഭാര്യ'മാർ വേണ്ട'; വിവാഹപ്രായമായവർക്ക് മുന്നറിയിപ്പുമായി ചൈന

ബംഗ്ലാദേശിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്

ബെയ്ജിങ്: സ്വന്തം രാജ്യത്തെ യുവതികൾ അല്ലാത്തവരെ വിവാഹം ചെയ്യുമ്പോൾ യുവാക്കൾ സൂക്ഷിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് യുവാക്കളിൽ മറ്റ് രാജ്യങ്ങളിൽ നിന്നും വിവാഹം കഴിക്കുന്ന പ്രവണത വർധിച്ചുവരുന്നതിനിടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ബംഗ്ലാദേശിലെ ചൈനീസ് എംബസിയാണ് ഇത്തരത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീ-പുരുഷ അനുപാതത്തിൽ വലിയ അന്തരം അനുഭവിക്കുന്ന ചൈനയിൽ നിരവധി പുരുഷന്മാരാണ് വിവാഹിതരാകാതെ നിൽക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന് പുറത്തുനിന്നുള്ള അനധികൃത വിവാഹങ്ങൾ വർധിച്ചുവന്നിരുന്നു. ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ എന്നീ രാജ്യങ്ങളിൽ നിന്നും യുവതികളെ എത്തിച്ച് വിവാഹം കഴിക്കുന്ന കേസുകൾ വർധിച്ചതോടെയാണ് ചൈനീസ് എംബസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഒറ്റകുട്ടി പോളിസി നിലവിലിരുന്ന കാലഘട്ടത്തിൽ പെൺകുഞ്ഞാണ് ഗർഭാവസ്ഥയിൽ എന്നറിഞ്ഞാൽ, ഗർഭഛിദ്രം ചെയ്യുന്നവരുടെ എണ്ണം ചൈനയിൽ കൂടുതലായിരുന്നു. ഈ സമയത്ത് ജനിച്ച പല പുരുഷന്മാർക്ക് വിവാഹം കഴിക്കാനായിട്ടില്ല എന്നാണ് ചൈനീസ് മാധ്യമങ്ങൾ പറയുന്നത്. വരും വർഷങ്ങളിൽ ഈ കണക്കുകൾ ഉയരുമെന്നും ചൈനീസ് അധികൃതർ കരുതുന്നു. ഗ്രാമ പ്രദേശങ്ങളിലെ പുരുഷന്മാരാണ് ഈ പ്രതിസന്ധി കൂടുതലായും അനുഭവിക്കുന്നത്. ഇത് അനധികൃത വിവാഹങ്ങൾക്ക് ചൈനയിൽ 'ഡിമാൻഡ്' വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിൽ 'വിദേശ ഭാര്യ'മാരുടെ എണ്ണം വർധിച്ചുവരുന്നതായും ചൈനീസ് അധികൃതർ പറയുന്നു. ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ യുവതികളെ മനുഷ്യക്കടത്തുകാർ എത്തിക്കുന്നത്. ഈ രാജ്യങ്ങളിൽ അതിദാരിദ്ര്യത്തിൽ ജീവിക്കുന്ന അനേകം പേരുണ്ട് എന്നത് മനുഷ്യക്കടത്തുകാർ മുതലെടുക്കുകയാണ്. ഇവയ്ക്ക് പുറമെ കംബോഡിയ, ഇന്തോനേഷ്യ, നോർത്ത് കൊറിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും യുവതികളെ എത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. മികച്ച ജോലി, ജീവിത സാഹചര്യം എന്നിവ വാഗ്ദാനം ചെയ്താണ് ഇത്തരത്തിൽ യുവതികളെ ചൈനയിൽ എത്തിക്കുന്നത്.

Content Highlights: China issues warning to cross border marriages

To advertise here,contact us