പാർലമെന്റിൽ നിന്ന് പടിയിറക്കം; ബൂട്ടിൽ ബിയർ ഒഴിച്ച് കുടിച്ച് ഓസ്‌ട്രേലിയൻ എംപി

ഓസ്ട്രേലിയൻ സംസ്‌കാരത്തിന്റെ ഭാഗമാണിത്

കാൻബറ: ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം കൈൽ മക്‌ഗിൻ തന്റെ കാലാവധി അവസാനിച്ച് പടിയിറങ്ങുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. പാർലമെന്റിലിരുന്ന് ബിയർ കുടിച്ചുകൊണ്ടാണ് കൈൽ മക്‌ഗിന്റെ പടിയിറക്കം. 'ഷൂയി' എന്ന ആചാരത്തിന്റെ ഭാഗമായാണിത്. ധരിച്ചിരിക്കുന്ന ബൂട്ടിൽ ബിയറോ മറ്റ് ലഹരിപാനീയങ്ങളോ നിറച്ച് അതിൽ നിന്ന് കുടിക്കുന്ന വിചിത്രമായ ആചാരമാണ് ഷൂയി.

ഓസ്ട്രേലിയൻ സംസ്‌കാരത്തിന്റെ ഭാഗമാണിത്. ചെരുപ്പ് എന്ന അർഥം വരുന്ന ജർമ്മൻ വാക്കായ 'ഷൂ' (schuh) എന്നതിൽ നിന്നാണ് ഷൂയി എന്ന വാക്കിന്റെ ഉത്ഭവം. മെയ് 21-ന് നടന്ന വിടവാങ്ങൽ ചടങ്ങിലാണ് കൈൽ 'ഷൂയി' ആചരിച്ചത്. പബ്ബുകളിലും മറ്റ് ആഘോഷങ്ങളിലും ജനപ്രിയമാണ് ഈ രീതി. എന്നാൽ ആദ്യമായാണ് ഒരു പാർലമെൻ്റ് അംഗം വിരമിക്കൽ പ്രസംഗത്തിന് ശേഷം ഈ ചടങ്ങ് ആചരിക്കുന്നത്. ചിലർ ഈ ആചാരത്തെ അനൗചിത്യമായും കാണുന്നുണ്ട്. "ഈ പ്രസംഗം എങ്ങനെ അവസാനിപ്പിക്കണമെന്ന് ഞാൻ വളരെ നേരം കഠിനമായി ചിന്തിച്ചു," ബിയർ കുടിക്കുന്നതിനു മുമ്പ് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

മക്‌ഗിന്റ ഈ പ്രവൃത്തിയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് പാർലമെന്റിൽ നിന്ന് ലഭിച്ചത്. ചില അംഗങ്ങൾക്ക് ഇത് തമാശയായാണ് തോന്നിയത്. ഫോർമുല വൺ താരമായ ഡാനിയിൽ റിക്കാർഡോ, 2016-ലെ ജർമ്മൻ ഗ്രാൻ്റ് പ്രിക്‌സിനുശേഷം തന്റെ റേസിങ് ഷൂവിൽ ഷാംപെയ്ൻഒഴിച്ച് കുടിച്ചത് ശ്രദ്ധനേടിയിരുന്നു. ഹ്യൂ ഗ്രാന്റ്, പാട്രിക് സ്റ്റുവർട്ട്, ജെറാർഡ് ബട്ട്‌ലർ, ടോക്ക് ഷോ അവതാരകൻ ജിമ്മി ഫാലൺ തുടങ്ങിയ പ്രശസ്ത നടന്മാരും ഇത് ചെയ്തിട്ടുണ്ട്. മെഷീൻ ഗൺ കെല്ലി, സ്റ്റോംസി തുടങ്ങിയ സംഗീതജ്ഞരും ഇത് വേദിയിൽ പരീക്ഷിച്ചിട്ടുണ്ട്.

Content Highlights: Australian MP ends final day in Parliament with shoey

To advertise here,contact us