മൂന്നാംകക്ഷിയില്ലെന്ന് വ്യക്തമാക്കിയിട്ടും അവകാശവാദം; ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് അമേരിക്കയെന്ന് ട്രംപ്

വ്യാപാര ചർച്ചകൾ പ്രയോജനപ്പെടുത്തിയാണ് സംഘർഷത്തിന് വിരാമം കുറിച്ചതെന്നും ട്രംപ്

വാഷിങ്ടൺ: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിൽ വീണ്ടും അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെ ഓവൽ ഓഫീസിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടയിലാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് അമേരിക്കയാണ്. വ്യാപാര ചർച്ചകൾ പ്രയോജനപ്പെടുത്തിയാണ് സംഘർഷത്തിന് വിരാമം കുറിച്ചതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ശത്രുത അവസാനിപ്പിക്കാൻ ഇരുവിഭാഗങ്ങളെയും പ്രേരിപ്പിച്ചത് താനാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരു രാഷ്ട്രങ്ങളെയും പ്രശംസിച്ച പ്രസിഡന്റ് സുഹൃത്ത് മോദിയുമായുളള ബന്ധം എടുത്ത് പറഞ്ഞാണ് വാക്കുകൾ അവസാനിപ്പിച്ചത്.

#WATCH | US President Donald Trump says, "If you take a look at what we just did with Pakistan and India, we settled that whole thing, and I think I settled it through trade. We're doing a big deal with India. We're doing a big deal with Pakistan...Somebody had to be the last one… pic.twitter.com/oaM6nCJCLi

ഇന്ത്യ-പാകിസ്താന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് നേരത്തെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനങ്ങളെ പരാമർശിച്ചു കൊണ്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തന്നെ ട്രംപിന്റെ അവകാശവാദം തളളിയിരുന്നു. പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം ഉഭയകക്ഷിപരമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ‌പറ‍ഞ്ഞിരുന്നു. പാര്‍ലമെന്റിൻ്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. സൈനിക നടപടികള്‍ അവസാനിപ്പിക്കാനുളള തീരുമാനം ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി തലത്തിലെടുത്ത തീരുമാനമാണെന്നും വിദേശകാര്യ തലത്തില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്നും വിക്രം മിസ്രി പറഞ്ഞിരുന്നു.

ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായി എന്ന അവകാശവാദവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിൽ നടത്തിയ രാത്രി മുഴുവൻ നീണ്ട ചർച്ചയിൽ ഇന്ത്യയും പാകിസ്താനും വെടിനിർത്തലിന് സമ്മതിച്ചുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തത്.

വെടിനിർത്തൽ ഇരു രാജ്യങ്ങളും അംഗീകരിച്ചെന്ന് വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെ ഡി വാൻസും രം​ഗത്ത് എത്തിയിരുന്നു. ഇന്ത്യ - പാക് പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, അജിത് ഡോവൽ, അസീം മുനീര്‍, അസീം മാലിക് എന്നിവരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നും മാർക്കോ റൂബിയോ ട്വീറ്റ് ചെയ്തിരുന്നു. സമാധാനത്തിന്റെ പാത സ്വീകരിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും മാർക്കോ റൂബിയോ എക്സിൽ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Content Highlights: Trump yet again claims he ended India-Pakistan hostilities, suggesting it was ‘through trade’

To advertise here,contact us