മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും വെടിയേറ്റ് കൊല്ലപ്പെട്ടു

തിരക്കേറിയ സമയത്തുണ്ടായ ഇരട്ടക്കൊലപാതകം നിർഭാഗ്യകരമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അപലപിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകൽ വെടിയേറ്റ് കൊല്ലപ്പെട്ടു. മോട്ടോർ സൈക്കിളിൽ എത്തിയവരാണ് ഇരുവരെയും വെടിവെച്ച് കൊന്നത്. മേയർ ക്ലാര ബ്രുഗാഡയുടെ പേഴ്സണൽ സെക്രട്ടറി സിമേന ഗുസ്‌മാനും ഉപദേശകൻ ജോസ് മുനോസുമാണ് കൊല്ലപ്പെട്ടത്.

തിരക്കേറിയ സമയത്തുണ്ടായ ഇരട്ടക്കൊലപാതകം നിർഭാഗ്യകരമെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അപലപിച്ചു. ജോസ് മുനോസിനെ കാറിൽ കൂട്ടാനെത്തുന്നതിനിടെയാണ് സിമേന ഗുസ്മാനെതിരെ ആക്രമണം നടന്നത്.

കുറ്റവാളികളെ തിരിച്ചറിയുന്നതിനായി അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു. ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ബ്രുഗാഡ കൂട്ടിച്ചേർത്തു. മെക്സിക്കോയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയായ മൊറേനയിലെ അംഗമാണ് മെക്സിക്കോ സിറ്റി മേയർ ക്ലാര. മെക്സിക്കോ സിറ്റിയിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായി ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമാണിതെന്ന് പൊലീസ് വ്യക്തമാക്കി.

മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോംയ്ക്ക് പിന്നാലെ രാജ്യത്തിലെ ഏറ്റവും ശക്തിയുള്ള രാഷ്ട്രീയ സ്ഥാനങ്ങളിൽ ഒന്നാണ് മെക്സിക്കോ നഗരത്തിന്റെ മേയർ പദവി. ഷെയിൻബോമിന്റെ മൊറീന പാർട്ടിയിലെ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ടവർ. ഇതൊരു ദുഃഖകരമായ സംഭവമാണെന്ന് ഷെയിൻബോം പറഞ്ഞു. കൊല്ലപ്പെട്ട രണ്ട് ഉദ്യോഗസ്ഥർക്കും സുരക്ഷാ ജീവനക്കാർ ഇല്ലമായിരുന്നു.

Content Highlights: Gunmen riding a motorcycle shot dead two members of the Mexico City mayor's team

To advertise here,contact us