ബെയ്ജിങ്: തെരുവ് നായ്ക്കളെ ദത്തെടുക്കുകയും പിന്നീട് അവയെ കൊന്ന് പാചകം ചെയ്ത് കഴിക്കുകയും ചെയ്ത് ചൈനീസ് യുവതി. വടക്കുകിഴക്കൻ ചൈനയിലാണ് സംഭവം. ധാന്യക്കട നടത്തുന്ന ഷിക്സുവാൻ എന്ന സ്ത്രീ സോഷ്യൽ മീഡിയയിൽ അവ പാചകം ചെയ്യുന്ന നിരവധി പോസ്റ്റുകളും വീഡിയോകളും പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഒരു പോസ്റ്റിൽ "നായ ഇറച്ചി ഏകദേശം തയ്യാറായി. മഴയുള്ള ഒരു ദിവസത്തിന് അനുയോജ്യം'', എന്നാണ് അവർ കുറിച്ചത്.
നായ്ക്കളെ പരിപാലിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അവയെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. വ്യത്യസ്ത ഷെൽട്ടറുകളിൽ നിന്നാണ് ഇവർ നായ്ക്കളെ ദത്തെടുത്തിരുന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലിയോണിംഗ് പ്രവിശ്യയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിന് ഷിക്സുവാന്റെ പ്രവൃത്തികളെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചതോടെ അവർ ഉടൻ തന്നെ സംഭവം അധികാരികളെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. മൃഗങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ചൈനയിൽ പട്ടിയിറച്ചി കഴിക്കുന്നത് പൂർണമായും നിരോധിച്ചിട്ടില്ല. എന്നാൽ 2020-ൽ സർക്കാർ ഇതിന്മേൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. നായ്ക്കളെയും പൂച്ചകളെയും കഴിക്കുന്നത് നിരോധിച്ച ചൈനയിലെ ആദ്യ നഗരങ്ങളിൽ ഒന്നാണ് തെക്കൻ ചൈനയിലെ ഷെൻഷെൻ. നിയമലംഘകർക്കുമേൽ പിഴ ചുമത്തും. ഫെബ്രുവരിയിൽ ഹൈവേ തൊഴിലാളികൾ ഒരു വളർത്തുനായയെ പാചകം ചെയ്ത് കഴിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു.
Content Highlights: Chinese shop owner adopts stray dogs only to kill and cook and eat them