സ്വര്‍ണ ടോയ്‌ലറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് കേസ്; കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി

ന്യൂയോര്‍ക്കിലെ സോളമന്‍ ആര്‍ ഗഗ്ഗന്‍ഹെയിം മ്യൂസിയത്തിനായി 2016-ലാണ് സ്വര്‍ണ ടോയ്‌ലറ്റ് നിര്‍മ്മിക്കപ്പെട്ടത്

ഒക്‌സ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിലെ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ നിന്ന് സ്വര്‍ണ ടോയ്‌ലറ്റ് മോഷ്ടിച്ച് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ കോടീശ്വരനെ കുറ്റവിമുക്തനാക്കി കോടതി. ഇംഗ്ലണ്ടിലെ ബെര്‍ക്ക്‌ഷെയറിലെ വിങ്ക്ഫീല്‍ഡ് സ്വദേശിയായ ഫ്രെഡ് ഡോയെയാണ് കോടതി വെറുതെ വിട്ടത്. ഫ്രെഡിനെ മോഷ്ടാക്കള്‍ കേസില്‍ കുടുക്കുകയായിരുന്നു എന്ന കണ്ടെത്തലിനു പിന്നാലെയാണ് വെറുതെവിടാനുളള തീരുമാനം. ഒക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയുടെതാണ് വിധി. ഫ്രെഡിന് കുറ്റകൃത്യത്തില്‍ കാര്യമായ പങ്കുണ്ടായിരുന്നില്ലെന്നും കുറ്റവാളികളുമായുളള ബന്ധം വളരെ കുറഞ്ഞ സമയത്തേക്ക് മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഇയാളെ കുറ്റവിമുക്തനാക്കിയത്.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കറ്റേലന്‍ ആണ് അമേരിക്ക എന്ന് പേരിട്ട സ്വര്‍ണത്തില്‍ തീര്‍ത്ത ടോയ്‌ലറ്റിന്റെ സൃഷ്ടാവ്. ന്യൂയോര്‍ക്കിലെ സോളമന്‍ ആര്‍ ഗഗ്ഗന്‍ഹെയിം മ്യൂസിയത്തിനായി 2016-ലാണ് സ്വര്‍ണ ടോയ്‌ലറ്റ് നിര്‍മ്മിക്കപ്പെട്ടത്. മ്യൂസിയത്തിലെ സന്ദര്‍ശകര്‍ക്കായുളള ശൗചാലയത്തിലാണ് സ്വര്‍ണ ടോയ്‌ലറ്റും സ്ഥാപിച്ചത്. ഇതിനു പുറത്ത് ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും നിര്‍ത്തിയിരുന്നു. 2019 സെപ്റ്റംബറില്‍ മോഷ്ടിച്ച കാറിലെത്തിയ മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ അതിക്രമിച്ചുകയറി ടോയ്‌ലറ്റ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ ജോണ്‍സ്, ബോറ ഗുക്കക്, ജെയിംസ് ഷീന്‍ എന്നീ മോഷ്ടാക്കള്‍ക്കൊപ്പമാണ് ഫ്രെഡ് ഡോയും പിടിയിലായത്.

ടോയ്‌ലറ്റ് മോഷണത്തിനു പിന്നാലെ ജെയിംസ് ഷീന്‍ ഫ്രെഡിനെ ബന്ധപ്പെട്ട് സ്വര്‍ണം വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. സ്വര്‍ണം രണ്ടുമിനിറ്റില്‍ വിറ്റുതരാം എന്ന് ഫ്രെഡ് ഇവരോട് പറഞ്ഞു. ഫ്രെഡിന് കോടതി 21 മാസം തടവുശിക്ഷയായിരുന്നു വിധിച്ചത്. എന്നാല്‍ തനിക്ക് മോഷ്ടാക്കളെ മുന്‍പരിചയമില്ലെന്നും മുന്‍പ് ഇത്തരം കേസുകളിലും ഉള്‍പ്പെട്ടിട്ടില്ല എന്നതും കോടതിയെ ബോധിപ്പിക്കാന്‍ ഫ്രെഡിനായി. തന്റെ നല്ല സ്വഭാവവും വ്യാപാരത്തിലെ ബന്ധങ്ങളും ഉപയോഗിക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചുവെന്നും താന്‍ അവരുടെ കെണിയില്‍ പെട്ടുപോവുകയായിരുന്നുവെന്നും ഫ്രെഡ് കോടതിയില്‍ പറഞ്ഞു. ഫ്രെഡിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

Content Highlights: Court acquits millionaire in case of trying to sell gold toilet in england

To advertise here,contact us