ആ മധുരം ഇനി ഇന്ത്യയിൽ അലിയില്ല; തുർക്കി ബേക്കറി ഉൽപന്നങ്ങൾ ബഹിഷ്കരിച്ച് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ

തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ജെല്ലുകൾ, ഫ്ലേവറുകൾ, ചോക്ലേറ്റുകൾ എന്നിവ ഇന്ത്യ ബഹിഷ്കരിക്കും

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച തുർക്കിക്കെതിരെ കൂടുതൽ ഉപരോധമേർപ്പെടുത്തി ഇന്ത്യ. തുർക്കിയിൽ നിന്നുള്ള ബേക്കറി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷന്റെ തീരുമാനം. തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഡ്രൈ ഫ്രൂട്ട്‌സ്, നട്‌സ്, ജെല്ലുകൾ, ഫ്ലേവറുകൾ, ചോക്ലേറ്റുകൾ എന്നിവ ഇന്ത്യ ബഹിഷ്കരിക്കും.

തുർക്കിയിൽ നിന്നുമുള്ള ബേക്കറി യന്ത്രങ്ങൾ ബഹിഷ്കരിക്കാനും ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ആഹ്വാനം ചെയ്തു. തുർക്കിയുടെ പാക്കിസ്ഥാൻ അനുകൂല നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ നിർണായക തീരുമാനമെടുത്തത്. രാജ്യ താല്പര്യം മുൻനിർത്തിയാണ് തീരുമാനം എടുത്തതെന്ന് ഫെഡറേഷൻ അറിയിച്ചു. നേരത്തെ തുർക്കി ആപ്പിളും ഇന്ത്യ ബഹിഷ്കരിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരെ പാകിസ്താനെ പിന്തുണയ്ക്കുന്ന ഏതൊരു രാജ്യവും ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. "പാകിസ്താന് ഇന്ത്യയെ ആക്രമിക്കാൻ ഡ്രോണുകൾ നൽകിയത് തുർക്കിയാണ്. അതുകൊണ്ട് തുർക്കി പഴങ്ങൾ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു" എന്ന് ഇന്ത്യൻ പഴക്കച്ചവടക്കാർ എഎൻഐയോട് പ്രതികരിച്ചത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഒരു രാജ്യത്തിനും ഇന്ത്യൻ വിപണികളിൽ സ്വീകാര്യത ലഭിക്കില്ലെന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷനും പറഞ്ഞു.

ആപ്പിളിന് പുറമെ നിരവധി പഴങ്ങളും ഇന്ത്യ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇന്ത്യയിൽ തുർക്കിയുടെ ആപ്പിൾ വ്യാപാരം ഏകദേശം 1,200-1,400 കോടി രൂപയാണ് വിലമതിക്കുന്നത്. 2023 ഫെബ്രുവരിയിൽ ഭൂചലനം നാശം വിതച്ച തുർക്കിയ്ക്ക് ഇന്ത്യ ഓപ്പറേഷൻ ദോസ്ത് എന്ന ദൗത്യത്തിലൂടെ നിരവധി സഹായം ചെയ്തിരുന്നു.

100 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ, എൻ‌ഡി‌ആർ‌എഫ് ടീമുകൾ, സൈനിക മെഡിക്കൽ യൂണിറ്റുകൾ, ഫീൽഡ് ആശുപത്രികൾ, അവശ്യവസ്തുക്കൾ തുടങ്ങിയവയാണ് നൽകിയത്. ജി 20, യുഎൻ പോലുള്ള ബഹുരാഷ്ട്ര വേദികളിൽ, ഊർജ്ജ സുരക്ഷ, ഭീകരവാദ വിരുദ്ധ ചർച്ചകളിൽ ഉൾപ്പെടെ തുർക്കിയ്ക്ക് അനുകൂലമായ നിലാപാടാണ് ഇന്ത്യ സ്വീകരിച്ചത്.

content highlights: Indian Bakers Federation decides to boycott bakery products from Turkey

To advertise here,contact us