വാഷിംങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശരാശരി 5000-ത്തിലധികം റഷ്യൻ, യുക്രെയ്ൻ സൈനികരാണ് ആഴ്ചയിൽ കൊല്ലപ്പെടുന്നത്. ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിനായാണ് പുടിനുമായി സംസാരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലന്സ്കിയോടും സംസാരിക്കുമെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് കുറിച്ചു. നാറ്റോ നേതാക്കളുമായും സംസാരിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യ-യുക്രെയ്ൻ വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടിരുന്നില്ല. 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ മാത്രമാണ് ചർച്ചയിൽ ധാരണയായത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു യുദ്ധ തടവുകാരെ കൈമാറാനുളള നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലന്സ്കിയും പങ്കെടുത്തിരുന്നില്ല. കൂടാതെ ചർച്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ യുക്രൈയ്നിൽ യാത്രാ ബസിന് നേരെ റഷ്യന് ഡ്രോണാക്രമണം നടന്നിരുന്നു. അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമ്മർദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറായത്. നേരിട്ട് ചർച്ചകൾ നടത്താമെന്ന് പുടിൻ തന്നെയാണ് ആദ്യം നിർദേശിച്ചത്. പിന്നാലെ സെലന്സ്കിയും ഇതിന് സമ്മതിക്കുകയായിരുന്നു. പിന്നീട് റഷ്യൻ ഉപദേശകനായ വ്ളാഡിമിർ മെഡിൻസ്കിയാണ് ചർച്ചകളിൽ പങ്കെടുക്കുക എന്ന് പുടിൻ അറിയിച്ചതിന് പിന്നാലെ സെലൻസ്കിയും ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവാണ് യുക്രെയ്നെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.
റഷ്യ ഒരു "ഡമ്മി" പ്രതിനിധി സംഘത്തെയാണ് ഇസ്താംബൂളിലേക്ക് അയച്ചതെന്ന് സെലൻസ്കി പരിഹസിച്ചിരുന്നു. 2022 ലെ പരാജയപ്പെട്ട ചർച്ചകളുടെ തുടർച്ചയായാണ് നടക്കാൻ പോകുന്നതെന്നും സെലൻസ്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചർച്ചയിൽ പുടിൻ പങ്കെടുക്കാൻ വിസമ്മതിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. ഇരു നേതാക്കളും പങ്കെടുക്കാത്ത ചർച്ചയിൽ വലിയ പ്രതീക്ഷകളൊന്നുമില്ലായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. യുക്രെയ്നിന്റെ പാശ്ചാത്യ സഖ്യകക്ഷികളും റഷ്യയുടെ നിലപാടിനെ അപലപിച്ചു. സമാധാന ചർച്ചകളിലെ റഷ്യയുടെ നിലപാട് അസ്വീകാര്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. യൂറോപ്യൻ ഉച്ചകോടിക്കായി അൽബേനിയയിലെത്തിയതായിരുന്നു അദ്ദേഹം. യു കെ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് നേതാക്കൾ ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്തതിരുന്നു.
പുടിൻ തുർക്കിയിലെത്തില്ലെന്ന് അറിയിച്ചതോടെ സെലന്സ്കിയും പിന്മാറുകയായിരുന്നു. എന്നിരുന്നാലും യുഎസ് സമ്മർദ്ദത്തിന് വഴങ്ങി സെലൻസ്കി വ്യാഴാഴ്ച അങ്കാറയിലെത്തിയിരുന്നു. അങ്കാറയിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനുമായി സെലെൻസ്കി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ട്രംപിനോടും ത്വയ്യിബ് എർദോഗനോടും ഉള്ള ബഹുമാനം കണക്കിലെടുത്താണ് യുക്രെയ്ൻ പ്രതിരോധ മന്ത്രിയെയും സംഘത്തെയും ഇസ്താംബൂളിലേക്ക് അയയ്ക്കാൻ തീരുമാനിക്കുന്നതെന്ന് സെലൻസ്കി പറഞ്ഞു.
Content Highlights: Donald Trump made a decisive decision in the Russia-Ukraine war