യുദ്ധ തടവുകാരെ കൈമാറാൻ തീരുമാനമെടുത്തിട്ട് മണിക്കൂറുകൾ മാത്രം; യുക്രെയ്നിൽ റഷ്യന്‍ ഡ്രോണാക്രമണം

റഷ്യന്‍ ഡ്രോണാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

മോസ്കോ: വടക്കുകിഴക്കൻ യുക്രൈയ്നിൽ യാത്രാ ബസിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടി നിർത്തൽ കരാറിൽ നിർണായക തീരുമാനം എടുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും ഇന്നലെ ഇസ്താംബൂളിൽ നടന്ന ചർച്ച ഫലം കണ്ടിരുന്നില്ല. മറിച്ച് 1,000 യുദ്ധ തടവുകാരെ വീതം കൈമാറാൻ തീരുമാനമായിരുന്നു.

രണ്ട് മണിക്കൂറിൽ താഴെ മാത്രം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ ആയിരുന്നു നിർണായക തീരുമാനം. ചർച്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയും പങ്കെടുത്തിരുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യൂറോപ്യൻ നേതാക്കളുടെയും സമർദ്ദം കാരണമായിരുന്നു ഇരു നേതാക്കളും നേരിട്ടുളള ചർച്ചയ്ക്ക് തയ്യാറായത്. നേരിട്ട് ചർച്ചകൾ നടത്താമെന്ന് പുടിൻ തന്നെയാണ് ആദ്യം നിർദേശിച്ചത്. പിന്നാലെ സെലന്‍സ്‌കിയും ഇതിന് സമ്മതിക്കുകയായിരുന്നു. പിന്നീട് റഷ്യൻ ഉപദേശകനായ വ്‌ളാഡിമിർ മെഡിൻസ്‌കിയാണ് ചർച്ചകളിൽ പങ്കെടുക്കുക എന്ന് പുടിൻ അറിയിച്ചതിന് പിന്നാലെ സെലൻസ്കിയും ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവാണ് യുക്രെയ്നെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

Content Highlights: Nine reported killed in Russian strike on civilian bus in Ukraine

To advertise here,contact us