നോയിഡ: നോയിഡയിൽ ബാത്ത്റൂമിലെ ടോയ്ലറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളലേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടോയ്ലറ്റ് പൊട്ടിത്തെറിക്കാൻ കാരണം മീഥെയ്ൻ ആണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. നോയിഡയിലെ സെക്ടർ 36 -ലാണ് സംഭവം നടന്നത്. ആഷു എന്ന യുവാവിന്റെ ശരീരത്തിന് 35 ശതമാനത്തോളമാണ് പൊള്ളലേറ്റത്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പതിവുപോലെ ബാത്ത്റൂമിൽ പോയ ആഷു ടോയ്ലറ്റ് സീറ്റിൽ ഇരുന്നതോടെ സ്ഫോടനം പോലുള്ള ഒരു ശബ്ദം കേൾക്കുകയും പിന്നാലെ ടോയ്ലറ്റ് സീറ്റ് പൊട്ടിത്തെറിക്കുകയുമായിരുന്നു. മുഖവും സ്വകാര്യഭാഗമടക്കമുള്ള ശരീരഭാഗങ്ങൾക്കും ഗുരുതര പൊളളലേറ്റു. യുവാവിനെ ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൊബൈൽ ഫോൺ കൊണ്ടുപോയതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്ന ആരോപണങ്ങൾ ആഷുവിന്റെ പിതാവ് തള്ളി.
ആഷു ടോയ്ലറ്റിൽ ഫോൺ കൊണ്ടുപോയിരുന്നില്ല എന്ന് പിതാവ് വ്യക്തമാക്കി. അതേസമയം പഴക്കം ചെന്നതോ ശരിയായി മെയിന്റനൻസ് നടത്താതോ ആയ പ്ലംബിംഗ് സംവിധാനങ്ങളുള്ള വീടുകളിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ വൈദ്യുതി തകരാറില്ല എന്നും സ്ഫോടന സമയത്ത് വീട്ടിലെ എയർ കണ്ടീഷനടക്കമുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.
എന്നാല്, അപകടകരമാകാൻ സാധ്യതയുള്ള മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാകാം സ്ഫോടനത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. ടോയ്ലറ്റ് പൈപ്പുകൾ നേരിട്ട് അഴുക്കുചാലിൽ ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴിയാകാം അപകടകരമായ വാതകമെത്തിയതെന്നും ഇതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. എന്നാൽ വീട്ടിലെ മറ്റേതെങ്കിലും കാരണമാകാം പൊട്ടിത്തെറിക്ക് പിന്നിലെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
content highlights: Young man burns after toilet explodes; family says methane was the cause of the explosion