പാരിസ്: ബിറ്റ്കോയിന് എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ പേമിയത്തിന്റെ സിഇഒ പിയറി നെയ്സെറ്റിന്റെ മകളെയും കൊച്ചുമകനെയും തട്ടിക്കൊണ്ടുപോകാന് ശ്രമം. പാരീസില് കഴിഞ്ഞ ദിവസമാണ് സംഭവം. ഫ്രഞ്ച് കാപ്പിറ്റലിലെ 11ാം ജില്ലയില് വെച്ചാണ് തട്ടിക്കൊണ്ടുപോകല് ശ്രമം നടന്നത്. മാസ്ക് ധരിച്ച മൂന്ന് പേരാണ് തട്ടിക്കൊണ്ടു പോകാന് ശ്രമിച്ചത്.
ഒരു വാനില് നിന്ന് ചാടി ഇറങ്ങിയ മാസ്ക് ധാരികളായ മൂന്ന് പേര് സ്ത്രീയെയും കുട്ടിയെയും നിര്ബന്ധിച്ച് വാനില് കയറ്റാന് ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല് തടയാന് ശ്രമിച്ച മകളുടെ ഭര്ത്താവിനെ സംഘം മര്ദിക്കുകയും ചെയ്തു. മകളും ശക്തമായി പ്രതിരോധിച്ചെന്നും അക്രമധാരികളുടെ കയ്യിലുള്ള തോക്ക് വലിച്ചെറിഞ്ഞെന്നും പൊലീസ് പറയുന്നു.
ഇവരുടെ അലര്ച്ചയ്ക്ക് പിന്നാലെ വഴിയാത്രക്കാര് സംഭവം ശ്രദ്ധിക്കുകയും പിന്നാലെ അക്രമികള് രക്ഷപ്പെടുകയുമായിരുന്നു. നേരത്തെ ക്രിപ്റ്റോകറന്സിയുമായി ബന്ധപ്പെട്ട പലരെയും ഇത്തരത്തില് തട്ടിക്കൊണ്ടു പോകാന് ശ്രമിച്ചിരുന്നു. ക്രിപ്റ്റോകറന്സി വാലറ്റ് കമ്പനിയായ ലെഡ്ജറിന്റെ സഹസ്ഥാപകന് ഡാവിഡിനെയും പങ്കാളിയെയും ജനുവരിയില് തട്ടിക്കൊണ്ടു പോയിരുന്നു. സംഭവത്തില് സൂത്രധാരനുള്പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Content Highlights: Cryptocurrency boss s daughter escapes kidnap gang in Paris street