ഖത്തറിന്റെ 'സമ്മാനം' സ്വീകരിച്ചില്ലെങ്കിൽ മണ്ടത്തരമാകുമെന്ന് ട്രംപ്; 'പറക്കും കൊട്ടാര'ത്തെ ചൊല്ലി വിവാദം

ഖത്തറിന്റെ ബോയിങ് വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ഖത്തറില്‍ നിന്നും ആഡംബര ബോയിങ് വിമാനം സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തര്‍ നല്‍കുന്ന സമ്മാനമാണിതെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ മണ്ടത്തരമാകുമെന്നും ട്രംപ് വൈറ്റ് ഹൗസില്‍ റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനം യുഎസിന് 'സമ്മാനിക്കുന്നതാണോ'യെന്നതില്‍ വ്യക്തത വന്നില്ലെന്ന ഖത്തര്‍ വക്താവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വൈറ്റ് ഹൗസിനെ പ്രതിരോധിച്ചുള്ള ട്രംപിന്റെ പ്രതികരണം.

'ഖത്തര്‍ അമേരിക്കന്‍ സര്‍ക്കാരിന് ജെറ്റ് സമ്മാനമായി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ കൃത്യമല്ല. എയര്‍ഫോഴ്‌സ് വണിന് പകരം താല്‍ക്കാലിക ഉപയോഗത്തിനായി ഒരു വിമാനം കൈമാറുന്ന കാര്യം നിലവില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയവും യുഎസ് പ്രതിരോധ വകുപ്പും പരിഗണിച്ചുവരികയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല' എന്നായിരുന്നു ഖത്തര്‍ വക്താവിന്റെ പ്രതികരണം. ഈ ആഴ്ച ട്രംപ് ഖത്തര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ബോയിങ് ജെറ്റ് കൈമാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സുരക്ഷാ കാര്യങ്ങളില്‍ അടക്കം അമേരിക്ക രാജ്യത്തെ വര്‍ഷങ്ങളായി സഹായിച്ചുവരികയാണെന്നും നേതൃത്വത്തോട് ബഹുമാനമുണ്ടെന്നും ട്രംപ് പ്രതികരിച്ചു. ബോയിങ് നേരിട്ട് രണ്ട് ജെറ്റുകള്‍ നല്‍കുന്നതിനായി അമേരിക്ക കാത്തിരിക്കെ ഖത്തറിന്റെ ഈ നടപടി മികച്ചതാണെന്നും ട്രംപ് വ്യക്തമാക്കി.

ഖത്തറിന്റെ ബോയിങ് വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്‍ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. പുതിയ ബോയിങ് 747-8 വിമാനത്തിന് 40 കോടി ഡോളറാണ് വില. ഖത്തര്‍ വിമാനം ഹൗസ് സ്വീകരിച്ചാല്‍, യുഎസ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള വിലകൂടിയ പാരിതോഷികമായിരിക്കും ഇത്. വിമാനത്തിന്റെ രൂപകൽപനയും അകത്തെ മനോഹാരിതയും കാരണം 'പറക്കും കൊട്ടാരം' എന്നാണ് ഈ വിമാനത്തെ വിളിക്കുന്നത്.

എന്നാല്‍ വിമാനം സ്വീകരിക്കുന്നതിലെ നിയമപരവും സാങ്കേതികവുമായ വശങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടക്കുകയാണ്. യുഎസ് ഭരണഘടനയില്‍ 'ഇമോല്യൂമെന്റ് ക്ലോസ്' എന്നറിയപ്പെടുന്ന ഒരു വ്യവസ്ഥയുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും യുഎസ് പ്രസിഡന്റുമാര്‍ക്ക് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിന് പരിമിധികള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് ബില്ല്. യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരം സമ്മാനങ്ങള്‍ പ്രസിഡന്റ് സ്വീകരിക്കാന്‍ പാടില്ല. നേതാക്കള്‍ വിദേശ സര്‍ക്കാരുകളോട് വിധേയപ്പെടുന്നത് തടയുന്നതിനാണിത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഉള്‍പ്പെടെയാണ് വിവാദം.

Content Highlights: Use Qatari luxury jet for Air Force One Said donald trump

To advertise here,contact us