യുകെയിൽ സ്ഥിരതാമസമാണോ ലക്ഷ്യം? എന്നാൽ ഇനി 'അഗ്നിപരീക്ഷ'യാകും; മാനദണ്ഡങ്ങൾ കടുപ്പിക്കാൻ യുകെ

ജോലിയും പഠനവും മറ്റുമായി യുകെയിലെത്തുന്ന നിരവധി ആളുകൾക്ക് തിരിച്ചടിയാകുന്ന തീരുമാനമായിരിക്കും ഇത്

ലണ്ടൻ: യുകെയിൽ സ്ഥിരം താമസത്തിനുള്ള പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനുള്ള കാലയളവ് വർധിപ്പിക്കാനൊരുങ്ങി സർക്കാർ. അഞ്ചിൽ നിന്ന് പത്ത് വർഷമായാണ് ഈ കാലയളവ് സർക്കാർ വർധിപ്പിക്കാൻ പോകുന്നത്.

ജോലിയും പഠനവും മറ്റുമായി യുകെയിലെത്തുന്ന നിരവധി ആളുകൾക്ക് തിരിച്ചടിയാകുന്ന തീരുമാനമായിരിക്കും ഇത്. അതിൽത്തന്നെ ഇന്ത്യക്കാരെ ഈ തീരുമാനം കാര്യമായി ബാധിക്കും. 2023ൽ മാത്രം രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജോലിയും പഠനവും മറ്റുമായി യുകെയിൽ എത്തിയത്. കുടിയേറ്റം കാര്യമായി കുറഞ്ഞ വർഷത്തിൽ കൂടിയായിരുന്നു ഇന്ത്യക്കാർ ഇത്രയും മുന്നിട്ടുനിന്നത്.

ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌. 'ഇൻഡെഫിനിറ്റ് ലീവ് ടു റിമെയ്‌ൻ' അഞ്ചിൽ നിന്ന് പത്ത് വർഷമാക്കി ഉയർത്താൻ സർക്കാർ കാര്യമായി ആലോചിക്കുന്നുണ്ട്. അങ്ങനെ പി ആർ ലഭിച്ചാൽ യുകെയിലെ എല്ലാ പൊതു സൗകര്യങ്ങളും മറ്റും ഇവർക്ക് ലഭിക്കും. അതായത് ഏറെക്കുറെ ബ്രിട്ടീഷ് പൗരന്മാർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ തന്നെ പി ആർ ഉള്ളവർക്കും ലഭിക്കുമെന്നർത്ഥം.

ഇവയ്ക്ക് പുറമെ ഇംഗ്ലീഷ് പ്രാവീണ്യവും പിആറിന് ഇനി മാനദണ്ഡമാക്കും. നിലവിൽ പ്രാഥമിക ഇംഗ്ലീഷ് ഭാഷ പരിജ്ഞാനമാണ് മാനദണ്ഡം. ഇത് മാറ്റി ഏറ്റവും ഉയർന്ന 'എ' ലെവൽ ആക്കി ഉയർത്തും. തെറ്റില്ലാതെയും അധികം സമയമെടുക്കാതെയും ഇംഗ്ലീഷ് ഭാഷ പറയാൻ കഴിയുക എന്നതായിരിക്കും ഇനിയുള്ള ഒരു മാനദണ്ഡം. ഈ നിർദേശങ്ങൾ എല്ലാം അടങ്ങിയ നിയമം അടുത്തയാഴ്ച സർക്കാർ അവതരിപ്പിക്കും.

Content Highlights: UK to tighten PR Rules

To advertise here,contact us