ദോഹ: ആഗോള കത്തോലികാ സഭയുടെ പുതിയ മാര്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് ആശംസകള് അറിയിച്ച് ഖത്തര് അമീര് ശൈഖ് തമീം ബിന് ഹമദ് അല് താനി. ഖത്തര് ഡെപ്യൂട്ടി അമീര് ശൈഖ് അബ്ദുളള ബിന് ഹമദ് അല് താനിയും മാര്പാപ്പയ്ക്ക് അഭിനന്ദന സന്ദേശമയച്ചു. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് ചിക്കാഗോയില് നിന്നുളള കർദിനാളായ റോബർട്ട് ഫ്രാന്സിസ് പ്രെവോസ്റ്റ്. അമേരിക്കയില് നിന്നുളള ആദ്യ പോപ്പാണ്.
1955 സെപ്റ്റംബർ 14 ന് ഫ്രഞ്ച്, ഇറ്റാലിയൻ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. രണ്ട് സഹോദരന്മാർ ആയിരുന്നു റോബർട്ട് പ്രെവോസ്റ്റിന് ഉണ്ടായിരുന്നത്. ബാല്യവും കൗമാരവും കുടുംബത്തോടൊപ്പം ചെലവഴിച്ച അദ്ദേഹം പിന്നീട് അഗസ്റ്റീനിയൻ സഭയുടെ മൈനർ സെമിനാരിയിലും പെൻസിൽവാനിയയിലെ വില്ലനോവ സർവകലാശാലയിലും പഠനം നടത്തി. 1977-ൽ അദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടുകയും തത്ത്വശാസ്ത്രം പഠിക്കുകയും ചെയ്തു.
1977 സെപ്റ്റംബർ 1 ന് അദ്ദേഹം ചിക്കാഗോയിലെ ഔവർ ലേഡി ഓഫ് ഗുഡ് കൗൺസൽ പ്രവിശ്യയിലെ സെന്റ് ലൂയിസിലുള്ള ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (OSA) നോവിഷ്യേറ്റിൽ പ്രവേശിക്കുകയും 1978 സെപ്റ്റംബർ 2-ന് തന്റെ ആദ്യ ശുശ്രൂഷ ആരംഭിക്കുകയും ചെയ്തു.
27 -ആം വയസിലാണ് റോബർട്ട് പ്രെവോസ്റ്റ് റോമിൽ എത്തുന്നത്. റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് കാനൻ നിയമം പഠിക്കാനായിരുന്നു അദ്ദേഹം എത്തിയത്.
30 വർഷത്തോളം നീണ്ട മിഷണറി ജീവിതത്തിന് ഒടുവിൽ 2014 ൽ പെറുവിലെ ചിക്ലായോ രൂപതയെ നയിക്കാനായി ഫ്രാൻസിസ് മാർപാപ്പ റോബർട്ട് പ്രെവോസ്റ്റിനെ നിയോഗിച്ചു. 2015 സെപ്റ്റംബർ 26-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ചിക്ലായോ ബിഷപ്പായി നിയമിച്ചു. 2018 മാർച്ചിൽ, പെറുവിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു, അവിടെ അദ്ദേഹം സാമ്പത്തിക കൗൺസിൽ അംഗമായും സാംസ്കാരിക, വിദ്യാഭ്യാസ കമ്മീഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
2019-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വൈദികർക്കായുള്ള സഭയിലെ അംഗമായും, 2020-ൽ ബിഷപ്പുമാർക്കായുള്ള സഭയിലെ അംഗമായും നിയമിച്ചു. അതേസമയം, 2023 ൽ ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ റോമിലേക്ക് തിരികെ വിളിക്കുകയും ബിഷപ്പുമാരുടെ ഡിക്കാസ്റ്ററിയുടെ തലവനായി നിയമിക്കുകയും ചെയ്തു.
2024 ൽ അദ്ദേഹം കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഒടുവിൽ, ഈ വർഷം ഫെബ്രുവരി 6 ന്, ഫ്രാൻസിസ് പാപ്പ റോബർട്ട് പ്രെവോസ്റ്റിനെ ഓർഡർ ഓഫ് ബിഷപ്പ്സ് ആയി സ്ഥാനക്കയറ്റം നൽകി, അൽബാനോയിലെ സബർബിക്കേറിയൻ ചർച്ച് എന്ന പദവി നൽകി.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിനു പിന്നാലെ പുതിയ മാർപാപ്പയായി നിരവധി പേരുകളും സാധ്യതകളും കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും അമേരിക്കൻ വംശജനായ കർദിനാൾ റോബർട്ട് പ്രെവോസ്റ്റിനെയാണ് കത്തോലിക്കാ സഭയുടെ പുതിയ തലവനായി വത്തിക്കാൻ തിരഞ്ഞെടുത്തത്.
Content Highlights: Qutar Emir Wishes to new pope