100 കോടി ഡോളർ സഹായം ലഭിച്ചെന്ന് പാകിസ്താൻ; പ്രതികരിക്കാതെ ഐഎംഎഫ്

വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണ്യനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല

ഇസ്ലാമാബാദ് : ഐഎംഎഫിൽ നിന്ന് 100 കോടി ഡോളറിന്റെ വായ്പാസഹായം ലഭിച്ചെന്ന അവകാശവാദവുമായി പാകിസ്താൻ. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണ്യനിധി ഇതുവരെ പ്രതികരിച്ചിട്ടില്ല. പാകിസ്താന് ധനസഹായം നൽകാനായുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) യോ​ഗത്തിലെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു.

പാകിസ്താന് വായ്പാ സഹായം നൽകുന്ന പണം രാജ്യം ശരിയായി ഉപയോ​ഗിക്കുന്നില്ലായെന്നും അത് ഭീകര പ്രവർത്തനങ്ങൾക്കാണ് ഉപയോ​ഗിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. 1.3 ബില്ല്യൺ ഡോളർ വായ്പയായി നൽകുന്ന ഐഎംഎഫ് പരിപാടിയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം.

പാകിസ്താന് നൽകുന്ന പണം കൃത്യമായി ഉപയോ​ഗിക്കുന്നില്ലായെന്നും വലിയ കടബാധ്യതയുള്ള രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യ ചൂണ്ടികാട്ടി. പല ഭീകര സംഘടനകൾക്കും പാകിസ്താന് നൽകുന്ന പണം ലഭിക്കുന്നുണ്ടെന്നും ഇന്ത്യ പരോക്ഷമായി കുറ്റപ്പെടുത്തി.സജീവവും ഉത്തരവാദിത്തമുള്ളതുമായ ഒരു അംഗരാജ്യമെന്ന നിലയിൽ ഐഎംഎഫ് പാകിസ്താന് പണം നൽകുന്നതിൽ ഇന്ത്യക്ക് പ്രശ്നമില്ല. അതേ സമയം, ലഭിക്കുന്ന പണം പാകിസ്താൻ എന്തിന് വേണ്ടി ഉപയോ​ഗിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും ഇന്ത്യ കൂട്ടിചേർത്തു.

content highlights : Pakistan says it has received $1 billion in aid; IMF fails to respond

To advertise here,contact us