ന്യൂ ഡൽഹി: ഇന്ത്യ പാക് സംഘർഷം തുടരവെ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് G7 രാജ്യങ്ങളുടെ കൂട്ടായ്മ. ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തണമെന്നും ഇനിയും സംഘർഷങ്ങൾ ഉണ്ടാകരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
' G7 രാജ്യങ്ങളായ കാനഡ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യൻ യൂണിയൻ പ്രതിനിധിയും ഒരുമിച്ച് പഹൽഗാമിലെ നീചമായ ഭീകരാക്രമണത്തെ അപലപിക്കുകയാണ്. മാത്രമല്ല, ഇന്ത്യയോടും പാകിസ്താനോടും പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെടുകയുമാണ്'.
'ഇനിയും സൈനിക നടപടി തുടർന്നാൽ അത് മേഖലയിലെ സ്ഥിരതയ്ക്ക് തിരിച്ചടിയാകും. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ സുരക്ഷയെപ്പറ്റി ഞങ്ങൾ ആശങ്കയിലാണ്. ഞങ്ങൾ ഇരു രാജ്യങ്ങളോടും എത്രയും പെട്ടെന്ന് പിന്മാറാനും ചർച്ചകൾ നടത്താനും ആവശ്യപ്പെടുകയാണ്. സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുകയും നയതന്ത്ര ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകുകയാണ്'; G7 രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
അതേസമയം, ആക്രമണത്തിൽ സാധാരണക്കാരെ ലക്ഷ്യമിടുന്നത് തുടരുകയാണ് പാകിസ്താൻ. രാജ്യത്ത് 26 ഇടങ്ങളിൽ ഡ്രോണുകൾ കണ്ടെത്തിയതായി കേന്ദ്രം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
Content Highlights: G7 countries ask for de escalation and dialogues towards india and pakistan