'നയതന്ത്ര ബന്ധം ആവശ്യം' പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഉപദേശിച്ച് സഹോദരൻ നവാസ് ഷെരീഫ്, റിപ്പോർട്ട്

രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിൻ്റെ ആവശ്യകതയെക്കുറിച്ചാണ് നവാസ് ഷെരീഫ് ഉപദേശിച്ചതെന്നാണ് റിപ്പോർട്ട്

ഇസ്ലാമാദ്: ഇന്ത്യ- പാകിസ്താൻ സംഘർഷാവസ്ഥ തുടരവെ പാകിസ്താൻ പ്രധാനമന്ത്രിയായ ഷെഹ്ബാസ് ഷെരീഫിനെ ഉപദേശിച്ച് സഹോദരനും മുൻ പാകിസ്താൻ പ്രധാന മന്ത്രിയുമായ നവാസ് ഷെരീഫ്. രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയതന്ത്ര സമീപനത്തിൻ്റെ ആവശ്യകതയെക്കുറിച്ചാണ് നവാസ് ഷെരീഫ് ഉപദേശിച്ചതെന്നാണ് റിപ്പോർട്ട്. സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലും സിന്ധു നദീ ജല കരാറുൾപ്പടെ റദ്ദാക്കിയ സാഹചര്യത്തിലുമാണ് നവാസ് ഷരീഫിൻ്റെ നി‍ർദ്ദേശമെന്നാണ് പാകിസ്താൻ മാധ്യമമായ എക്സപ്രസ് ട്രിബ്യൂണലിനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.

ആണവ ശേഷിയുള്ള രണ്ട് രാജ്യങ്ങൾ തമ്മിൽ സമാധാനം പുനസ്ഥാപിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർ​ഗങ്ങളും സ്വീകരിക്കണമെന്ന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മുൻപും ഇരു രാജ്യങ്ങൾ തമ്മിലുള്ള സമാധാനം നിലനിർത്താനായി നവാസ് ഷെരീഫ് നീക്കങ്ങൾ നടത്തിയിട്ടുണ്ട്. 1999ലെ കാർ​ഗിൽ യുദ്ധത്തെ താൻ എതിർത്തതാണ് തൻ്റെ നേത്യത്വത്തിലെ സർക്കാരിനെ പാക് സൈന്യം പുറത്താക്കാൻ കാരണമെന്ന് നവാസ് ഷെരീഫ് വെളിപ്പെടുത്തിയിരുന്നു. ഇത് കൂടാതെ ഇന്ത്യയുമായി നല്ല ബന്ധമുണ്ടാക്കേണ്ടത് പാകിസ്താൻ്റെ ആവശ്യമാണെന്ന് 2023 ൽ നവാസ് ഷെരീഫ് പറഞ്ഞിരുന്നു.

Content Highlights-

To advertise here,contact us