സംഘർഷം തുടരുന്നു; ഒരു പാക് പൈലറ്റിനെ കൂടി പിടികൂടി ഇന്ത്യ

മുൻപ് എഫ് 16 വിമാനത്തിലെ പൈലറ്റിനെയും സൈന്യം പിടികൂടിയിരുന്നു

ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ തുടരുന്ന ഇന്ത്യ- പാകിസ്താൻ സംഘർഷത്തിനിടിയൽ പാക് പൈലറ്റ് പിടിയിലായതായി റിപ്പോർട്ട്. ഇതോടെ ഇന്ത്യൻ സൈന്യം രണ്ട് പാക് പൈലറ്റുകളെ പിടികൂടിയതായാണ് റിപ്പോ‍ർട്ടുകൾ പറയുന്നത്. രാജസ്ഥാനിൽ നിന്നും ജമ്മുവിൽ നിന്നുമാണ് രണ്ട് പൈലറ്റുമാരെ സൈന്യം പിടികൂടിയത്.

സർഫസ് ടു എയർ മിസൈൽ പ്രതിരോധ സംവിധാനം ഉപയോ​ഗിച്ചാണ് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടത്. വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാകിസ്താൻ്റെ അവാക്സ് വിമാനത്തിലെ പൈലറ്റിനെയാണ് പിടികൂടിയത്. മുൻപ് എഫ് 16 വിമാനത്തിലെ പൈലറ്റിനെയും സൈന്യം പിടികൂടിയിരുന്നു.

ഇന്ത്യൻ സായുധ സേന ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ലെങ്കിലും, പാകിസ്താൻ പൈലറ്റുകൾ കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്യലിന് വിധേയനാണെന്നും സുരക്ഷാ ഏജൻസികൾ പറയുന്നു. അതേ സമയം ജമ്മു, പത്താൻകോട്ട്, ഉധംപൂർ സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. യാത്രക്കാരെ രണ്ടുതവണ പരിശോധനയ്ക്ക് വിധേയമാക്കും. അതേ സമയം പാക് ആക്രമണത്തില്‍ ഇതുവരെ അത്യാഹിതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാത്രി ഒമ്പത് മണിയോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാകിസ്ഥാന്റെ ആക്രമണമുണ്ടായത്. ഇപ്പോഴും തുടരുന്ന ആക്രമണത്തില്‍ ഇതുവരെയും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എസ് 400 സംവിധാനത്തിലൂടെയാണ് ഇന്ത്യ പാകിസ്താന്റെ ആക്രമണത്തെ ചെറുക്കുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലേക്കാണ് പാകിസ്താന്റെ ആക്രമണമുണ്ടായത്. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ തുടരുന്നത്. ജമ്മു കശ്മീരില്‍ കരമാര്‍ഗവും ആക്രമണം നടക്കുന്നുണ്ട്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്നുണ്ട്. 67 ഓളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ എഫ് 16 വിമാനവും രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. 15 ഇടത്താണ് ഒരേ സമയം ആക്രമണം നടക്കുന്നത്.

Content Highlights- Tensions continue; India captures another Pakistani pilot

To advertise here,contact us