'പാകിസ്താന് വലിയ കടബാധ്യത, പണം ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു'; ഐഎംഎഫ് വോട്ടെടുപ്പിൽ വിട്ടുനിന്ന് ഇന്ത്യ

1.3 ബില്ല്യൺ ഡോളർ പാകിസ്താന് വായ്പയായി നൽകുന്ന ഐഎംഎഫ് പരിപാടിയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം

ന്യൂഡൽഹി: പാകിസ്താന് ധനസഹായം നൽകാനായുള്ള അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) യോ​ഗത്തിലെ വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്ന് ഇന്ത്യ. പാകിസ്താന് വായ്പാ സഹായം നൽകുന്ന പണം രാജ്യം ശരിയായി ഉപയോ​ഗിക്കുന്നില്ലായെന്നും അത് ഭീകര പ്രവർത്തനങ്ങൾക്കാണ് ഉപയോ​ഗിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. 1.3 ബില്ല്യൺ ഡോളർ വായ്പയായി നൽകുന്ന ഐഎംഎഫ് പരിപാടിയിലായിരുന്നു ഇന്ത്യയുടെ പ്രതികരണം.

പാകിസ്താന് നൽകുന്ന പണം കൃത്യമായി ഉപയോ​ഗിക്കുന്നില്ലായെന്നും വലിയ കടബാധ്യതയുള്ള രാജ്യമാണ് പാകിസ്താനെന്നും ഇന്ത്യ ചൂണ്ടികാട്ടി. പല ഭീകര സംഘടനകൾക്കും പാകിസ്താന് നൽകുന്ന പണം ലഭിക്കുന്നുണ്ടെന്നും ഇന്ത്യ പരോക്ഷമായി കുറ്റപ്പെടുത്തി.

സജീവവും ഉത്തരവാദിത്തമുള്ളതുമായ ഒരു അംഗരാജ്യമെന്ന നിലയിൽ ഐഎംഎഫ് പാകിസ്താന് പണം നൽകുന്നതിൽ ഇന്ത്യക്ക് പ്രശ്നമില്ല. അതേ സമയം, ലഭിക്കുന്ന പണം പാകിസ്താൻ എന്തിന് വേണ്ടി ഉപയോ​ഗിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും ഇന്ത്യ കൂട്ടിചേർത്തു.

അതേ സമയം, പാകിസ്താന്‍ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണെന്നും കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങും വിശദീകരിച്ചു. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചതായി കേണല്‍ സോഫിയാ ഖുറേഷി പറഞ്ഞു. 'തുര്‍ക്കിഷ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. കനത്ത പ്രഹരശേഷിയുളള ആയുധങ്ങളാണ് പാകിസ്താന്‍ ഉപയോഗിച്ചത്. അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഭട്ടിന്‍ഡ വിമാനത്താവളം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ നീക്കമുണ്ടായി. പാകിസ്താന്‍ നാനൂറോളം ഡ്രോണുകളാണ് ഉപയോഗിച്ചത്', സോഫിയാ ഖുറേഷി പറഞ്ഞു.

Content Highlights- 'Pakistan has huge debt, money is being used for terrorist activities'; India abstains from IMF vote

To advertise here,contact us