'ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടതിന് തെളിവ് സോഷ്യൽ മീഡിയയിൽ ഉണ്ട്'; ഉരുണ്ടുകളിച്ച് പാക് പ്രതിരോധ മന്ത്രി

അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിനോടാണ് പാക് മന്ത്രി വ്യക്തതയില്ലാതെ പ്രതികരിച്ചത്

ന്യൂ യോർക്ക്: ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക് വാദത്തിന് തെളിവ് ചോദിച്ചപ്പോൾ ഉരുണ്ടുകളിച്ച് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്. തെളിവ് ഇന്ത്യയുടെ സോഷ്യൽ മീഡിയയിൽ ഉണ്ടെന്നും മൂന്ന് ഫൈറ്റർ ജെറ്റുകൾ തങ്ങൾ വെടിവെച്ചു വീഴ്ത്തി എന്നത് യാഥാർത്ഥ്യമാണെന്നുമാണ് ക്വാജ ആസിഫ് പറഞ്ഞത്. അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിനോടാണ് പാക് മന്ത്രിയുടെ അവ്യക്തമായ മറുപടി.

ഇന്ത്യയുടെ ഫൈറ്റർ ജെറ്റുകൾ നിങ്ങൾ വെടിവെച്ചിട്ടോ എന്നും തെളിവ് എവിടെയെന്നും ചോദിക്കുമ്പോൾ അത് ഇന്ത്യൻ സോഷ്യൽ മീഡിയയിൽ ഉണ്ട് എന്നായിരുന്നു ആസിഫിന്റെ മറുപടി. സോഷ്യൽ മീഡിയയിലെ തെളിവ് അല്ല നിങ്ങളുടെ പക്കലുള്ള തെളിവ് എവിടെ എന്നും അവതാരക ചോദിക്കുന്നുണ്ട്. ഇതോടെ ക്വാജ ആസിഫിന് മറുപടി ഇല്ലാതെ പ്രതിസന്ധിയിലായി.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയുളള സാഹചര്യം വിലയിരുത്താന്‍ സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ചേരുന്ന യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ തുടര്‍നീക്കങ്ങളും ചര്‍ച്ചയാകും. അതേസമയം, നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കര്‍ണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

Content Highlights: Pak defence minister jolts over indian jet downings

To advertise here,contact us