ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേട്, ഉടൻ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷ; ഡൊണാൾഡ് ട്രംപ്

സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ്

വാഷിങ്ടൺ: ഏപ്രിൽ 22ൽ കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.

Trump classifies Indian aggression as Shameful! Just now from Oval Office @realDonaldTrump #Pakistan #PakistanZindabad #IndiaPakistanTensions #Bahawalpur #Muzaffarad pic.twitter.com/DjOSZwPwsD

I am monitoring the situation between India and Pakistan closely. I echo @POTUS's comments earlier today that this hopefully ends quickly and will continue to engage both Indian and Pakistani leadership towards a peaceful resolution.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് മാർക്കോ റൂബിയോയെ അറിയിച്ചതായി യുഎസ് ഇന്ത്യൻ എംബസി അറിയിച്ചു. ഏപ്രിൽ 22-ന് 26 പേർ കൊല്ലപ്പെട്ട പഹൽ​ഗാം ആക്രമണത്തിന് ശേഷം ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു.

അതേ സമയം, ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകവെ ഇന്ത്യൻ സേനയുടെ ശക്തമായ തിരിച്ചടിയിൽ പാക് കരസേനാംഗൾക്ക് ആൾനാശം സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് പാക് സൈന്യം പീരങ്കികൾ പ്രയോഗിച്ചതിനുള്ള ശക്തമായ തിരിച്ചടിയിൽ പാക് കരസേനാംഗങ്ങളെ വധിച്ചതായാണ് വിവരം. ദൗത്യത്തിൽ പങ്കെടുത്ത വ്യോമസേന പൈലറ്റുമാർ എല്ലാം സുരക്ഷിതരെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാകിസ്താൻ സൈന്യത്തിന് നാശ നഷ്ടങ്ങൾ സംഭവിച്ചതായാണ് ഔദ്യോഗിക വിവരം.

കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.

ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതമാണ് ഭീകരർക്കുണ്ടായത്.

Content Highlights: Donald Trump calls rising India-Pakistan tensions a shame

To advertise here,contact us