ഇസ്രയേലിലെ വിമാനത്താവളത്തിൽ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

തങ്ങളെ ഉപദ്രവിക്കുന്നവർക്ക് ഏഴിരട്ടി ദോഷമാകും ഫലമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു

ടെൽ അവീവ്: ഹൂതി വിമതർ യെമനിൽ നിന്ന് വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചു. ആക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റതായാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളെ ഉപദ്രവിക്കുന്നവർക്ക് ഏഴിരട്ടി ദോഷമാകും ഫലമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണിൽ ചർച്ച നടത്തി. ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ബെൻ ഗുറിയോൺ. മിസൈലാക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചുവെങ്കിലും ഏകദേശം ഒരു മണിക്കൂറിന് ശേഷം വ്യോമാതിർത്തി വീണ്ടും തുറന്നതായും വിമാന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും ഇസ്രയേൽ വിമാനത്താവള അതോറിറ്റി അറിയിച്ചു.

ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജർമൻ, സ്പാനിഷ് വിമാന കമ്പനികൾ ടെൽ അവീവിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ വിമാനം അബുദബിയിലേക്കും വഴിതിരിച്ച് വിട്ടു.

Content Highlights: Houthi Missile Hits Biggest Israeli Airport

To advertise here,contact us