'ഹൂതികൾ ഇനി ഭീകരസംഘടന'; പ്രഖ്യാപനവുമായി ട്രംപ്

ചെങ്കടലില്‍ യുഎസ് എയര്‍ക്രാഫ്റ്റുകള്‍ക്കെതിരെ ഹൂതികള്‍ നിരന്തര ആക്രമണം നടത്തിയിരുന്നു

വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ എന്നിവിടങ്ങളിലെ ആക്രമണങ്ങള്‍ക്ക് കാരണം ഹൂതികളെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഉത്തരവിറക്കിയിരിക്കുന്നത്. ചെങ്കടലില്‍ യുഎസ് എയര്‍ക്രാഫ്റ്റുകള്‍ക്കെതിരെ ഹൂതികള്‍ നിരന്തര ആക്രമണം നടത്തിയിരുന്നു.

2020ൽ ഇത്തരത്തിൽ ഹൂതി വിമതരെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ബൈഡൻ വന്നതോടെ എടുത്തുകളഞ്ഞിരുന്നു. യെമനിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഹൂതി വിമതരുടെ കൈവശമാണ്. ഇവരുമായി സ്ഥിരം ആശയവിനിമയം നടത്തേണ്ടിവരുമെന്നതിനാൽ ഹൂതികളെ ഭീകരസംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ബൈഡൻ ഇവരെ ഭീകരപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ട്രംപ് ആ തീരുമാനം പുനഃസ്ഥാപിക്കുന്നതോടെ ഹൂതികൾക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കാൻ യുഎസിന് ഇനി എളുപ്പം സാധിക്കും.

Also Read:

Opinion
തുടരുന്ന ലാവന്‍ഡര്‍ ഭീതിയുടെ ട്രംപ് മുഖവും മഴവില്‍ പോരാട്ടങ്ങളും

അതേസമയം, ചൈനയ്ക്ക് നൽകിയ മുന്നറിയിപ്പിന് പിന്നാലെ റഷ്യയ്ക്കും 'തീരുവ' മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. യുക്രെയ്‌നുമായുളള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധമേർപ്പെടുത്തുമെന്നും അധിക നികുതി, തീരുവ തുടങ്ങി കർശന സാമ്പത്തിക നടപടികൾ ഏർപ്പെടുത്തുമെന്നുമാണ് ട്രംപിന്റെ ഭീഷണി. യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തു മൂന്നാം ദിവസമാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഫെബ്രുവരി ഒന്ന് മുതല്‍ ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ചുമത്തുന്നത് ആലോചിക്കുമെന്നായിരുന്നു ചൈനയ്ക്ക് നേരെ ട്രംപ് ഉയർത്തിയ ഭീഷണി. മെക്‌സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെന്റാനില്‍ അയക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തന്റെ ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചൈനയെ ചൂഷകരെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.

Content Highlights: Trump declares houthis as terrorists

To advertise here,contact us