യുഎസിൽ നിന്ന് 18,000 അനധികൃത കുടിയേറ്റക്കാരെ മടക്കിയെത്തിക്കാൻ ഇന്ത്യ; റിപ്പോർട്ട്

പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും

വാഷിങ്ടൺ: അമേരിക്കയിൽ അനധികൃതമായി താമസിക്കുന്ന എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും.

മറ്റ് പല രാജ്യങ്ങളെയും പോലെ ട്രംപ് ഭരണകൂടത്തെ തൃപ്തിപ്പെടുത്താനും, വ്യാപാര ഭീഷണികളുടെ ആഘാതം ഒഴിവാക്കാനുമാണ് ഇന്ത്യ ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ സ്വീകരിച്ച എക്സിക്യൂട്ടീവ് നടപടികളിൽ പലതും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റത്തെ ലക്ഷ്യം വച്ചുള്ളതാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, യുഎസ്-മെക്സിക്കോ അതിർത്തിയിൽ സൈനികരെ അണിനിരത്തുക എന്നതും പ്രധാന നയങ്ങളായി പരി​ഗണിച്ചുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

1.45 ദശലക്ഷം ആളുകളുടെ പേരുള്ള പട്ടികയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം 18,000 ഇന്ത്യക്കാരാണ് രേഖകളില്ലാതെ യുഎസിൽ കഴിയുന്നത്. എന്നാൽ കുടിയേറ്റക്കാരുടെ എണ്ണം ഇതിലുമധികമാകാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ട്രംപ് അധികാരമേറ്റ ഉടൻ തന്നെ സമവായത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിനാലാണ് നാടുകടത്താനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നതെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read:

International
ബ്രസീലിൽ കാപ്പി കൃഷിയിൽ വൻ പ്രതിസന്ധി; ആഗോള കമ്പോളത്തിൽ കാപ്പി 'പൊള്ളും'

അനധികൃത കുടിയേറ്റത്തിൻ്റെ പ്രശ്നം പരിഹരിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ഇന്ത്യൻ സർക്കാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യ-യുഎസ് സഹകരണത്തിൻ്റെ ഭാഗമായി അനധികൃത കുടിയേറ്റം തടയുന്നതിനുളള ശ്രമങ്ങൾ നടക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,000ത്തിലധികം അനധികൃത ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

H-1B വിസ നിലനിർത്തുക എന്നതാണ് ഇന്ത്യൻ സർക്കാരിൻ്റെ മുൻ​ഗണന. ടെക്നോളജി, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്കായുളള വിസയാണ് ഇത്. 2023-ൽ നൽകിയ എച്ച്-1ബി വിസകളിൽ 75 ശതമാനവും ഇന്ത്യക്കാരാണ്. ഇതിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി രം​ഗത്തെത്തിയിരുന്നു. അമേരിക്കക്കാർക്ക് അവകാശപ്പെട്ട ജോലികൾ വിദേശികൾ ഏറ്റെടുക്കുന്നു എന്നായിരുന്നു വിമർശനം. തുടക്കത്തിൽ ട്രംപും വിമർശനങ്ങളെ അം​ഗീകരിക്കുകയും, വളരെ മോശമായ കാര്യമാണെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഈയിടെ തന്റെ സമീപനം മാറ്റി ട്രംപ് രം​ഗത്തെത്തിയിരുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിദേശികൾക്ക് അവസരം നൽകുന്നത് മഹാത്തായ പ്രവർത്തിയെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇന്ത്യയിൽ നിന്നും ഏകദേശം 7,25,000 ആളുകൾ യുഎസിൽ നിയമ വിരുദ്ധമായി താമസിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ നവംബറിൽ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 17,940 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തിരിക്കുന്നത്. കൂടുതലും പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർ ആണെന്നാണ് സൂചന. കണക്കുകൾ പ്രകാരം യുഎസിൽ മെക്‌സിക്കൻ കുടിയേറ്റക്കാരാണ് ഏറ്റവുമധികമുള്ളത്. രണ്ടാമത് എൽ സാൽവഡോറും മൂന്നാമത് ഇന്ത്യയുമാണ്. രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ അമേരിക്ക തിരിച്ചയച്ചിരുന്നു.

2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 1100-ഓളം ഇന്ത്യക്കാരെ യു എസ് തിരികെ അയച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെയായിരുന്നു നടപടി. എന്നാൽ നാടുകടത്തലിന് ഇന്ത്യ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യുഎസിന് പരാതിയുണ്ട്. പല തവണയും പ്രഖ്യാപിച്ച നാടുകടത്തൽ പദ്ധതികൾ നീണ്ടുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.

Also Read:

Opinion
കുട്ടികളെ കയ്യൊഴിയാന്‍ എളുപ്പമാണ്, പക്ഷെ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികള്‍ എവിടെ പോകാനാണ്?

ഇന്ത്യ മാത്രമല്ല, പല രാജ്യങ്ങളും യുഎസിന്റെ നാടുകടത്തൽ നടപടിയോട് സഹകരിക്കുന്നില്ലെന്നാണ് ഐസിഇ പറയുന്നത്. ഇത്തരം രാജ്യങ്ങളുടെ പട്ടികയും യുഎസ് തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യക്ക് പുറമേ, ഭൂട്ടാൻ, ക്യൂബ, മ്യാൻമർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എറിത്രിയ, ഹോങ്കോങ്, ഇറാൻ, ലാവോസ്, ചൈന, പാകിസ്താൻ, റഷ്യ സോമാലിയ, വെനസ്വേല എന്നീ 14 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

Content Highlights: 18,000 migrants from the US will be brought back to India

To advertise here,contact us