കാറിന്റെ ഡിക്കിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ഭർത്താവിനായി തിരച്ചിൽ ഊർജിതം

ഹർഷിത ബ്രെല്ല കൊല്ലപ്പെട്ട കേസിലാണ് ഇന്ത്യൻ വംശജനായ ഭർത്താവ് പങ്കജ് ലാംബയെ പൊലീസ് തിരയുന്നത്

ലണ്ടൻ: ബ്രിട്ടനിൽ യുവതിയെ കാറിന്റെ ഡിക്കിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനായി തിരച്ചിൽ ഊർജിതം.ബ്രിട്ടനിലെ നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24) കൊല്ലപ്പെട്ട കേസിലാണ് ഇന്ത്യൻ വംശജനായ ഭർത്താവ് പങ്കജ് ലാംബയെ പൊലീസ് തിരയുന്നത്. ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ മൃതദേഹം.

ലാംബ ഇപ്പോൾ രാജ്യം വിട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് നോർത്താംപ്ടൺഷെയർ പൊലീസ് ചീഫ് ഇൻസ്പെക്ടർ പോൾ കാഷ് പറഞ്ഞു.ഈ മാസം തുടക്കത്തിലാകാം ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിട്ടുണ്ടാകുക എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. നോർത്താംപ്ടൺഷെയറിൽ നിന്ന് ഇയാൾ കാറിൽ മൃതദേഹം ഇൽഫോഡിലെത്തിച്ചു. അറുപതിലേറെ ഡിറ്റക്ടീവുമാർ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പോൾ കാഷ് പറഞ്ഞു.

ഹർഷിത ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് ബുധനാഴ്ച പൊലീസിന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് കോർബിയിലെ സ്കെഗ്നെസ്സ് വോക്കിലെ ഇവരുടെ വീട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ വീട്ടിൽ ഇവർ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlights: police seek husband for murder of a young woman in Britain

To advertise here,contact us