ലെബനനിൽ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; 64 കുട്ടികളുൾപ്പെടെ 558 മരണം; രണ്ടായിരത്തോളം പേർക്ക് പരിക്ക്

ഇസ്രയേലിൽ നിന്ന് 1600 ആക്രമണങ്ങളാണ് രണ്ട് ദിവസങ്ങൾക്കിടെ ഉണ്ടായത്. 200ലേറെ റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്

ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. വ്യാപക വ്യോമാക്രമണത്തിൽ 558 പേർ മരിച്ചതായാണ് റിപ്പോർട്ട്. 64 കുട്ടികളും മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 94 പേർ സ്ത്രീകളാണ്. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെയ്റൂത്തിലേക്കും ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലെബനനിൽ നിന്ന് ജനങ്ങൾ കൂട്ടപ്പലായനം തുടരുകയാണ്.

ഇസ്രയേലിൽ നിന്ന് 1600 ആക്രമണങ്ങളാണ് രണ്ട് ദിവസങ്ങൾക്കിടെ ഉണ്ടായത്. 200ലേറെ റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇസ്രയേൽ ആക്രമണവും ഹിസ്ബുള്ള പ്രത്യാക്രമണവും ശക്തമായ സാഹചര്യത്തിൽ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി യുഎൻ ആസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്.

ലെബനനിലെ സാ​ഹചര്യം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് യുഎൻ ജനറൽ സെക്രട്ടറി ആന്റോണിയോ ​ഗുട്ടെറസ് പ്രതികരിച്ചു. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് യുഎൻ വക്താവ് സ്റ്റീഫൻ ദുജാറിക്കും പറഞ്ഞു.

ഇസ്രയേൽ ലെബനൻ സ്‌ഫോടനത്തിൽ ആശങ്കയറിയിച്ച് യൂണിസെഫ് രംഗത്തെത്തിയിരുന്നു. എണ്ണമില്ലാത്ത അത്രയും കുട്ടികൾ ഉൾപ്പെടെയുള്ള പൗരന്മാർ അപകടാവസ്ഥയിലാണെന്നും നിരവധിപ്പേർക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നെന്നും യൂണിസെഫ് മേധാവി കാതറിൻ റുസ്സെൽ പറഞ്ഞു. നാടുകടത്തലും ഷെല്ലാക്രമണവും വ്യോമാക്രമണവും കാരണം കുട്ടികൾ ഭയാനകമായ രീതിയുള്ള മാനസിക സമ്മർദങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും എത്രയും പെട്ടെന്ന് സംഘർഷം അവസാനിപ്പിക്കണമെന്നും കാതറിൻ അഭ്യർത്ഥിച്ചു. ലെബനനിലെ ആക്രമണത്തിൽ യുഎഇയും ആശങ്കയറിയിച്ച് രംഗത്തെത്തി.

To advertise here,contact us