സോഷ്യൽ മീഡിയയിലൂടെ പ്രണയം, വീഡിയോ കോൺഫറൻസിലൂടെ വിവാഹം; ഭർത്താവിനെ തേടി വാക അതിർത്തികടന്ന് പാക് യുവതി

വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് സൗദി അറേബ്യയിൽ ഔദ്യോഗിക ചടങ്ങുകൾ.

ഇസ്ലാമാബാദ്: അതിർത്തി കടന്ന അതിരില്ലാത്ത പ്രണയത്തിന്റെ മറ്റൊരു കഥ കൂടിയാണ് പാകിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത്. രാജസ്ഥാനിലുള്ള തന്റെ കാമുകനെ കാണാൻ പാകിസ്ഥാന സ്വദേശിയായ 25കാരി കഴിഞ്ഞ ദിവസം അതിർത്തി കടന്നെത്തി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും പിന്നീട് വീഡിയോ കോളിലൂടെ വിവാഹം ചെയ്യുകയും ചെയ്ത പ്രിയപ്പെട്ടവനെ കാണാനാണ് മെഹ്‍വിഷ് എന്ന യുവതി ഇന്ത്യയിലെത്തിയത്.

2018 ലാണ് മെഹ്‍വിഷിന്റെ ആദ്യ വിവാ​ഹം നടന്നത്. ഇത് പരാജയമായതിന് ശേഷമാണ് മെഹ്‍വിഷ് രാജസ്ഥാൻ സ്വദേശിയായ റഹ്മാനെ പരിചയപ്പെടുന്നത്. രാജസ്ഥാനിലെ ബികനേരിൽ താമസിക്കുന്ന റഹ്മാൻ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും അടുക്കുകയും ചെയ്തതോടെ ഇരുവരും പ്രണയത്തിലായി. 2022 മാ‍ർച്ച് 13 ന് വിവാഹ വാ​ഗ്ദാനം നൽകി. മൂന്ന് ദിവസത്തിന് ശേഷം മാ‍ർച്ച് 16 ന് വീഡിയോ കോൺഫറൻസ് വഴി ഇരുവരും വിവാ​ഹം ചെയ്തു. 2023 ൽ മെഹ്‍വിഷ് മെക്കയിൽ ഉമ്ര തീ‍ർത്ഥാടനത്തിനെത്തിയപ്പോൾ ഇരുവരും ഔദ്യോ​​​ഗിക വിവാഹച്ചടങ്ങുകളും നടത്തി.

ലാഹോ‍ർ സ്വദേശിയുമായുള്ള 12 വ‍ർഷം നീണ്ടുനിന്ന് വിവാഹ ബന്ധത്തിൽ മെഹ്‍വിഷിന് 12 ഉം ഏഴും വയസ്സുള്ള രണ്ട് മക്കളുണ്ട്. 2018 ൽ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. ജൂലൈ 25 ന് ഇസ്ലാമാബാദിൽ നിന്ന് ലാഹോറിലെത്തി അവിടെ നിന്ന് വാ​ഗ അതി‍‌ർത്തി വഴി മെഹ്‍വിഷ് ഇന്ത്യയിലെത്തുകയായിരുന്നു. 45 ദിവസത്തെ ടൂറിസ്റ്റ് വിസയിലാണ് മെഹ്‍വിഷ് ഇന്ത്യയിലെത്തിയത്. മെഹ്‍വിഷിനെ റഹ്മാന്റെ കുടുംബം സ്വീകരിച്ചു.

പ്രണയത്തിന് അതി‍‍ർത്തിയോ അധികാരങ്ങളോ തടസ്സമല്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു പ്രണയകഥ കൂടിയാണ് റഹ്മാന്റെയും മെഹ്‍വിഷിന്റെയും. പ്രിയപ്പെട്ടവനെ വിവാഹം ചെയ്യാൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന സീമ ഹൈദറും നസറുള്ളയെ വിവാഹം ചെയ്യാൻ ഒരു മാസത്തെ വിസയെടുത്ത് പാക്കിസ്ഥാനിലേക്ക് പോയ അഞ്ജുവും അടുത്ത കാലത്തായി അതി‍ർത്തി കടന്ന പ്രണയ കഥയിലെ നായികമാരായിരുന്നു.

To advertise here,contact us