യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ്

രോ​ഗം സ്ഥിരീകരിച്ചതോടെ ബൈഡന്‍ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് ബൈഡന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടുത്തതായി നടക്കാനിരുന്ന ലാസ് വേഗസിലെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി. രോ​ഗം സ്ഥിരീകരിച്ചതോടെ ബൈഡന്‍ ഐസൊലേഷനിലാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാൽ ജോലി തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കി.

ബൈഡൻ വാക്സിനും ബൂസ്റ്റർ ഡോസും സ്വീകരിച്ചതാണെന്നും ചെറിയ രോ​ഗലക്ഷണങ്ങൾ മാത്രമേയുള്ളൂവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി അറിയിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഏറെ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ബൈഡന് കൊവിഡ് ബാധിച്ചത് ഡെമോക്രാറ്റുകളുടെ പ്രചാരണത്തെ ബാധിക്കും.

പെൻസിൽവാനിയയിലെ കൊലപാതകശ്രമത്തിന് പിന്നാലെ ട്രംപിന്റെ ജനപ്രീതി വർധിച്ചുവെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ രാഷ്ട്രീയാന്തരീക്ഷത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു ട്രംപിന് നേരെയുണ്ടായ വെടിവെപ്പ്. ഇപ്പോൾ ട്രംപിന് ഏറെ പിന്നിലാണ് ബൈഡൻ.

81 കാരനായ ബൈഡന് ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്നും ഡിമൻഷ്യയാണെന്നുമടക്കമുള്ള ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കൊവിഡ് ബാധ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 'ഡിമെൻഷ്യ' യാണെന്നും മുഖ്യധാരാ മാധ്യമങ്ങൾ ഈ വസ്തുത മറച്ചുവെക്കുകയാണെന്നും അമേരിക്കയിലെ പ്രശസ്ത രാഷ്ട്രീയ നിരൂപകനും എഴുത്തുകാരനുമായ ടക്കർ കാൾസൺ ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും ഔദ്യോ​ഗിക പരിപാടികളിലും ബൈഡന് അബദ്ധങ്ങൾ പിണയുന്നത് പതിവാണ്. നാറ്റോ സമ്മേളനത്തിനിടയിൽ ബൈഡനുണ്ടായ നാക്കുപ്പിഴ വലിയ ചർച്ചയായിരുന്നു. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെ ബൈഡൻ മാറിവിളിച്ചത് 'പുടിൻ' എന്നും വൈസ് പ്രസിഡന്റ് കമല ഹാരിസിന് പകരം 'ട്രംപ്' എന്നുമാണ്.

ഇത് മാത്രമല്ല, ട്രംപുമായി നടന്ന ആദ്യ സംവാദത്തിൽ തന്നെ ബൈഡന് അടിപതറി. ഇതോടെ ഡെമോക്രാറ്റുകൾക്കിടയിൽ നിന്ന് തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന ആവശ്യമുയർന്നു. എന്നാൽ താൻ തന്നെ മത്സരിക്കുമെന്ന് അറിയിച്ച് ബൈഡൻ രം​ഗത്തെത്തുന്നതും പിന്നീട് കണ്ടു. സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പിന്തുണ നഷ്ടപ്പെടുന്ന ഈ സാഹചര്യത്തിൽ കൊവിഡ് ബാധിച്ചത് ബൈഡന് മത്സരത്തിൽ തിരിച്ചടിയായേക്കും.

To advertise here,contact us