'യൂനെക്ടസ് അക്കയിമ'; ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പാമ്പിനെയാണ് ആമസോൺ മഴക്കാടുകളിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്

ലോകത്തിലെ ഏറ്റവും വലിയ പാമ്പിനെ ആമസോൺ മഴക്കാടുകളിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. 26 ആടി നീളവും 440 പൗണ്ട് ഭാരവുമാണ് ഈ വലിയ അനാക്കോണ്ടയ്ക്കുള്ളത്. ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ പാമ്പിനെയാണ് ആമസോൺ മഴക്കാടുകളിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. പാമ്പിന്റെ തലക്ക് മനുഷ്യൻ്റെ അതേ വലുപ്പമാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു. വിൽ സ്മിത്തിനൊപ്പം നാഷണൽ ജിയോഗ്രാഫിക്കിൻ്റെ ഡിസ്നി പ്ലസ് സീരീസായ 'പോൾ ടു പോൾ' ചിത്രീകരണത്തിനിടെയാണ് പുതിയ ഇനത്തെ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ഡൈവേഴ്സിറ്റി എന്ന ജേണലിൽ ശാസ്ത്രജ്ഞരുടെ സംഘം ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'യൂനെക്ടസ് അക്കയിമ' എന്ന ലാറ്റിൻ നാമമാണ് ഗവേഷകർ പുതിയ ഇനത്തിന് നൽകിയിരിക്കുന്നത്.

പ്രൊഫസർ വോങ്ക് തൻ്റെ ഇൻസ്റ്റഗ്രാമിലുടെ ഈ ഭീമൻ അനാക്കോണ്ടയ്ക്കൊപ്പം നീന്തുന്ന വീഡിയോ പങ്കുവെച്ചു. 'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അനാക്കോണ്ടയെ വീഡിയോയിൽ കാണാം. ഒരു കാറിൻ്റെ ടയർ പോലെ കട്ടിയുള്ളതാണ്. എട്ട് മീറ്റർ നീളം, 200 കിലോയിലധികം ഭാരം എൻ്റെ തലയോളം വലിപ്പമുള്ള തല, ഒരു ഭീമൻ അനാക്കോണ്ടയാണ്', അദ്ദേഹം വീഡിയോയ്ക്ക് താഴെ കുറിച്ചു.

ജയൻ്റ് അനാക്കോണ്ട എന്നറിയപ്പെടുന്ന ഗ്രീൻ അനക്കോണ്ടയുടെ ഒരു ഇനം മാത്രമാണ് ആമസോൺ കാടുകളിൽ ഉണ്ടായിരുന്നത്. മിസ്റ്റർ വോങ്കും മറ്റ് ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള 14 ശാസ്ത്രജ്ഞർ അടങ്ങിയ സംഘവും നോർത്തൻ ഗ്രീൻ അനാക്കോണ്ടയിൽ നിന്ന് ഗ്രീൻ അനാക്കോണ്ട വ്യത്യസ്തമായ ഇനമാണെന്ന് കണ്ടെത്തി.

ഡൈവേഴ്സിറ്റി എന്ന ജേണലിൽ വിവരിച്ചിരിക്കുന്ന സൗത്ത് ഗ്രീൻ അനാക്കോണ്ടയിൽ നിന്ന് ജനിതകമായി 5.5 ശതമാനം വ്യത്യാസമാണ് ഈ വലിയ അനാക്കോണ്ടക്കുള്ളതെന്ന് ജീവശാസ്ത്രജ്ഞനും ക്വീൻസ്ലാൻ്റ് സർവകലാശാലയിലെ ഗവേഷണത്തിൻ്റെ സഹ-രചയിതാവുമായ ബ്രയാൻ ഫ്രൈ വിശദീകരിച്ചു. ഈ കണ്ടെത്തൽ അനാക്കോണ്ടകളുടെ സംരക്ഷണത്തിന് നിർണായകമാണെന്നും ആവാസവ്യവസ്ഥയെ നിലനിർത്താൻ ഇത്തരം കണ്ടെത്തലുകൾ അത്യന്താപേക്ഷിതമാണെന്നും ഗവേഷകർ പറയുന്നു.

To advertise here,contact us