ടെല്അവീവ്: വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് ആളുകൾക്ക് പോകുന്നതിനായി ഇസ്രയേൽ അനുവദിച്ച സമയം അവസാനിച്ചു. വടക്കന് ഗാസയിലെ ബെയ്റ്റ് ഹനൂനില് നിന്നും ഖാന് യൂനിസിലേക്കായിരുന്നു ഇസ്രയേല് സുരക്ഷിതപാത ഒരുക്കിയത്. ഇസ്രയേലി ടാങ്കുകൾ ഗാസയുമായുള്ള അതിർത്തിയിൽ നിലയുറപ്പിക്കാൻ തുടങ്ങി. നിലവിൽ 126 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
അതേസമയം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് വിളിച്ചുകൂട്ടി. ടെൽഅവീവിലെ സൈനിക ആസ്ഥാനത്താണ് യോഗം നടന്നത്. യോഗത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 1,300 ഓളം ഇസ്രയേലികളെ മന്ത്രിമാർ അനുസ്മരിച്ചു. തങ്ങൾ തകരുമെന്ന് ഹമാസ് കരുതി, പക്ഷേ തങ്ങളാണ് ഹമാസിനെ തകർക്കുന്നത് എന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
നിലവിൽ ഗാസയിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകാത്ത 50,000 ഗർഭിണികളുണ്ട് എന്നാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുകൾ പറയുന്നത്. സ്ത്രീകൾക്ക് അടിയന്തിര ആരോഗ്യ പരിചരണവും സംരക്ഷണവും ആവശ്യമാണ് എന്നും യുഎൻപിഎഫ് അറിയിച്ചു.
അതേസമയം ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തികൾ സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമായെന്ന് ചൈന വിമർശിച്ചു. ഇസ്രായേൽ ഗാസയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.