സ്വതന്ത്ര പലസ്തീൻ രൂപീകരിക്കണം; ഇസ്രയേലിന് പ്രതിരോധിക്കാനുളള അവകാശമുണ്ടെന്നും വ്ളാദിമർ പുടിൻ

'ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര സൂത്രവാക്യം നടപ്പിലാക്കുക എന്നതായിരിക്കണം ചർച്ചകളുടെ ലക്ഷ്യം'

icon
dot image

ഗാസ സിറ്റി: സ്വതന്ത്ര പലസ്തീൻ വേണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ. ഹമാസിന്റെ ക്രൂരമായ ആക്രമണങ്ങൾക്ക് മുമ്പിൽ പ്രതിരോധിക്കാനുളള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു. എന്നാൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കണം. പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിന് ചർച്ചയല്ലാതെ മറ്റൊരുവഴിയില്ലെന്നും വ്ളാദിമർ പുടിൻ പറഞ്ഞു. കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻസ് സ്റ്റേറ്റ്സ് (സിഐഎസ്) ന്റെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പുടിൻ.

'ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര സൂത്രവാക്യം നടപ്പിലാക്കുക എന്നതായിരിക്കണം ചർച്ചകളുടെ ലക്ഷ്യം. കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീന് രൂപീകരിക്കണം. ഇസ്രയേലിനൊപ്പം സമാധാനത്തോടെയും സുരക്ഷയോട് കൂടിയും സഹവസിക്കുന്ന രാഷ്ട്രം. തീർച്ചയായും ക്രൂരമായ ആക്രമണത്തെ നമ്മൾ കണ്ടതാണ്. ഇസ്രയേലിന് തിരിച്ചടിക്കാനുളള അവകാശമുണ്ട്. സമാധാനപരമായ നിലനിൽപിന് അതിന് അവകാശമുണ്ട്,' എന്നും പുടിൻ പറഞ്ഞു.

അതേസമയം ഹമാസിനെതിരെയുളള പോരാട്ടം ഇസ്രയേൽ കടുപ്പിച്ചു. ഗാസയിൽ 126 കുട്ടികളും, 88 വനിതകളും ഉൾപ്പെടെ 344 പേർ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. 1,018 പേർക്ക് പരിക്കേറ്റതായും ഹമാസ് സ്ഥിരീകരിച്ചു. കരയുദ്ധത്തിന് പിന്നാലെയുണ്ടായ ഇസ്രയേലിന്റെ മുന്നറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് പലസ്തീനികൾ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തു. ഗാസക്കാർക്കായി രണ്ടു റോഡുകൾ തുറന്നിട്ടുണ്ടെന്ന് ഇസ്രയേൽ അറിയിച്ചു. ഇന്ന് വൈകിട്ട് നാലു മണിക്ക് മുമ്പായി വടക്കൻ ഗാസ വിടണമെന്നായിരുന്നു മുന്നറിയിപ്പ്.

ഗാസയിൽ ഇസ്രയേൽ വ്യാപക റെയ്ഡ് നടത്തിയതായും റിപ്പോർട്ടുണ്ട്. കരയുദ്ധത്തിന് മുന്നോടിയായി ഹമാസ് സംഘങ്ങളെ കണ്ടെത്താനും ബന്ദികളെ മോചിപ്പിക്കാനുമാണ് റെയ്ഡ് എന്നാണ് വിലയിരുത്തൽ. റെയ്ഡിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ടിട്ടുണ്ട്. ഇതിനിടെ ഇസ്രയേൽ ആക്രമണത്തിൽ ഹമാസിന്റെ മുതർന്ന സൈനിക കമാൻഡർ മുറാദ് അബു മുറാദ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിലാണ് മുറാദ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹമാസിന്റെ വ്യോമാക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് മുറാദ് ആയിരുന്നു. എന്നാൽ മുറാദ് കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.

വടക്കൻ ഗാസയിലെ ജനങ്ങൾക്ക് സുരക്ഷിതമായ ഒഴിപ്പിക്കൽ പാത പ്രഖ്യാപിച്ച് ഇസ്രയേൽ

വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 2,269 പലസ്തീനികൾ കൊല്ലപ്പെട്ടതായും 9,814 പേർക്ക് പരിക്കേറ്റതായും പലസ്തീൻ ആരോഗ്യ മന്ത്രാലയമിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ലെബ്നാനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച അക്രമികളെ ഡ്രോൺ ഉപയോഗിച്ച് കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അതേസമയം 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം' തടയാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് പലസ്തീൻ ഐക്യരാഷ്ട്ര സഭ പ്രതിനിധി റിയാദ് മൻസൂർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്.

To advertise here,contact us
To advertise here,contact us
To advertise here,contact us