റെഡ് കാർഡ് ഫോർ ഇസ്രായേൽ. ഓസ്ലോ നഗരത്തിന്റെ തെരുവുകൾ ഇന്നലെ പാലസ്തീനിയൻ പതാകകൾ കൊണ്ട് നിറഞ്ഞു. ഇസ്രായേൽ ടീമംഗങ്ങൾ ഓസ്ലോയിൽ വിമാനമിറങ്ങും മുമ്പ് തന്നെ വംശഹത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഈ തെരുവുകളിൽ മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അതീവ സുരക്ഷയിലായിരുന്നു നഗരം. മത്സരം നടക്കുന്ന ഉല്ലേവൽ സ്റ്റേഡിയത്തിന്റെ ആകാശത്ത് ഒരു നോ ഫ്ളൈ സോൺ ഒരുക്കുമെന്ന് നേരത്തേ തന്നെ ഭരണകൂടത്തിന്റെ അറിയിപ്പുണ്ടായി. 1994 ലെ വിന്റർ ഒളിമ്പിക്സിന് ശേഷം നോർവേയിൽ ഇത്ര സുരക്ഷയിൽ ഒരു സ്പോർട്ട് ഇവന്റ് അരങ്ങേറിയിട്ടില്ല.
കിക്കോഫ് വിസിലിന് എത്രയോ മുമ്പ് തന്നെ നോർവീജിയൻ ആരാധകർ ഗാലറിയിൽ നിറഞ്ഞു. സ്റ്റോപ്പ് ജെനോസൈഡ്, ഫ്രീ പാലസ്തീൻ എന്നിങ്ങനെ എഴുതിയ ബാനറുകൾ ഗാലറിയിൽ തൂങ്ങിക്കിടപ്പുണ്ട്. സ്റ്റേഡിയത്തിൽ ഇസ്രായേലിനെ പിന്തുണക്കാനെത്തിയവരുമുണ്ടായിരുന്നു. ലെറ്റ് ദ ബോൾ ടോക് എന്നെഴുതിയൊരു ബാനർ കുറേ ഇസ്രായേൽ പതാകകൾക്കിടയിൽ ഉയർന്നു. ഒടുവിൽ എർലിങ് ഹാളണ്ടിന്റെ ബൂട്ടും ആ പന്തും ഒരുമിച്ച് ശബ്ദിച്ചു. ഉല്ലേവൽ സ്റ്റേഡിയം ഇസ്രായേലിന്റെ ശവപ്പറമ്പായി. ഇസ്രായേലിനെതിരായ മത്സരത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന നോർവേയുടെ പ്രഖ്യാപനത്തോടെ ദിവസങ്ങൾക്ക് മുമ്പേ ഈ മത്സരം ഫുട്ബോൾ സർക്കിളുകളിലെ ഹോട്ട് ടോപ്പിക്കായിരുന്നു. മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ വിലക്കാൻ ഫിഫക്ക് മേൽ വലിയ സമ്മർദമുണ്ട്. ഖത്തർ ലോകകപ്പിൽ നിന്ന് രാഷ്ട്രീയ കാരണങ്ങൾ പറഞ്ഞ് റഷ്യയെ വിലക്കിയ ഫിഫക്ക് ഇസ്രായേലിനെ വിലക്കാൻ എന്താണ് തടസമെന്ന ചോദ്യം ഏറെക്കാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നു.
ഏതായാലും ഫിഫ വിലക്കിയാലും ഇല്ലെങ്കിലും ഇസ്രായേൽ അടുത്ത ലോകകപ്പ് കളിക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. രണ്ട് ഔൺ ?ഗോളുകൾ .. ഹാളണ്ടിന്റെ ഹാട്രിക്ക്. ഉല്ലേവൽ സ്റ്റേഡിയത്തിൽ ഇസ്രായേലിന്റെ കഥ കഴിഞ്ഞത് ഇങ്ങനെ.
കളി തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ രണ്ട് തവണ വലകുലുക്കുമായിരുന്നു നോർവേ. ഹാളണ്ടിന്റെ ?ഗോളെന്നുറപ്പിച്ച മൂന്ന് ശ്രമങ്ങളാണ് ഡാനിയൽ പെർട്ടസ് തടഞ്ഞിട്ടത്. രണ്ടാം മിനിറ്റിൽ പെനാൽട്ടി ബോക്സിൽ നിന്ന് ഹാളണ്ട് തൊടുത്ത ഇടങ്കാലൻ വെടിയുണ്ട പെർട്ടസ് ഏറെ പണിപ്പെട്ട് തട്ടിയകറ്റി. നാലാം മിനിറ്റിൽ നോർവേക്ക് അനുകൂലമായി പെനാൽട്ടി. കിക്കെടുക്കാൻ ഹാളണ്ട് പെനാൽട്ടി സ്പോട്ടിൽ ഒരുങ്ങി നിന്നു. ഹാളണ്ടിന്റെ കിക്കിനെ ഇടതു വശത്തേക്ക് ചാടി പെർട്ടസ് തടഞ്ഞിടുന്നു. വാർ ഹാളണ്ടിന് ഒരവസരം കൂടി നൽകി. എന്നാൽ രണ്ടാമത്തെ സുവർണാവസരവും അയാൾ പാഴാക്കി. ഇക്കുറി വലതുവശത്തേക്കാണ് പന്ത് പാഞ്ഞത്. പെർട്ടസിന്റെ കണക്കു കൂട്ടൽ അവിടെയും പിഴച്ചില്ല. അയാൾ വലതുവശത്തേക്ക് പറന്നതിനെ നിഷ്പ്രഭമാക്കി. എന്നാൽ പെർട്ടസിന്റെ കോട്ടക്ക് അൽപായുസേയുണ്ടായിരുന്നുള്ളൂ. ഇസ്രായേൽ താരങ്ങൾ തന്നെ സ്വന്തം പുരക്ക് തീകൊടുത്തു. കളിയുടെ 18ാം മിനിറ്റിൽ അലെക്സാണ്ടർ ഷൊർലോത്തിന്റെ ക്രോസിനെ കൃത്യമായി വലയിലേക്ക് തിരിച്ച് ഇസ്രായേലീ മിഡ്ഫീൽഡർ അനാൻ ഖലീലി അക്കൗണ്ട് തുറന്നു. പന്ത് പാഞ്ഞത് സ്വന്തം പോസ്റ്റിലേക്കായിരുന്നുവെന്ന് മാത്രം.
27ാം മിനിറ്റിൽ ഹാളണ്ടിന്റെ ആദ്യ പ്രഹരം. മൈതാനത്തിന്റെ വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച ഹാളണ്ട് നാല് ഡിഫന്റർമാരെയും പെർട്ടസിനേയും കാഴ്ചക്കാരാക്കി വലതുളച്ചു. തൊട്ടടുത്ത മിനിറ്റിൽ ഇസ്രായേൽ സ്വന്തം നെഞ്ചിൽ അടുത്ത വെടിപൊട്ടിച്ചു. ഇക്കുറി പെർട്ടസിന്റെയും ഡിഫന്റർ നാഷ്മിയാസിന്റേയും ആശയക്കുഴപ്പമാണ് ?ഗോളിന് വഴിതുറന്നത്. ഹാളണ്ടിന്റെ നീക്കം തടയാൻ ഓടിയെത്തിയ പെർട്ടസ് അടിച്ചു കളയാൻ ശ്രമിച്ച പന്ത് നാഷ്മിയാസിന്റെ ശരീരത്തിൽ കൊണ്ട് വലയിലേക്ക്. മൂന്ന് മിനിറ്റിൽ ഇസ്രായേൽ കോച്ച് നാഷ്മിയാസിനെ പിൻവലിച്ചു. പത്ത് മിനിറ്റിനിടെ രണ്ട് ഔൺ ?ഗോളുകൾ. ആദ്യ പകുതിയവസാനിക്കുമ്പോൾ നോർവേ മൂന്ന് ?ഗോളുകൾക്ക് മുന്നിൽ.
രണ്ടാം പകുതിയിൽ ഹാളണ്ട് നേരത്തേ നിർത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. 63ാം മിനിറ്റിൽ അന്റോണിയോ നുസയുടെ ക്രോസിനെ മനോഹരമായൊരു ഹെഡ്ഡറിലൂടെ ഹാളണ്ട് വലയിലേക്ക് തിരിച്ചു. പത്ത് മിനിറ്റിനുള്ളിൽ അയാൾ ഇസ്രായേലിന്റെ പെട്ടിയിലെ അവസാന ആണിയുമടിച്ച് ഉറപ്പിച്ചു. ക്ലബ്ബ് ജഴ്സിയിലും രാജ്യത്തിനുമായി കഴിഞ്ഞ പത്ത് കളികളിൽ ഹാളണ്ട് തുടർച്ചയായി സ്കോർ ചെയ്തിട്ടുണ്ട്. ഇരു ജേഴ്സികളിലുമായി സീസണിൽ കളിച്ച 12 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് താരത്തിന് വലകുലുക്കാനാവാതെ പോയത്. ഇസ്രായേലിനെതിരായ ഹാട്രിക്കോടെ നോർവേ ജഴ്സിയിൽ 50 ഗോളുകളെന്ന നേട്ടവും ഹാളണ്ടിനെ തേടിയെത്തി.
ഫുട്ബോൾ ചരിത്രത്തിൽ ദേശീയ കുപ്പായത്തിൽ ഏറ്റവും വേ?ഗത്തിൽ 50 ഗോളുകൾ തികക്കുന്ന താരമാണ് ഹാളണ്ട്. മറികടന്നത് ഇംഗ്ലീഷ് താരം ഹാരികെയിന്റെ റെക്കോർഡ്. 46 മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് ഈ നേട്ടത്തിലെത്തിയത്.
ഇസ്രായേലിനെതിരായ ജയത്തോടെ ലോകകപ്പ് യോ?ഗ്യതക്കരികിലാണ് ഇപ്പോൾ നോർവേ. അടുത്ത മാസം എസ്തോണിയക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ ടീമിന് ടിക്കറ്റുറപ്പിക്കാം. 27 വർഷത്തിന് ശേഷമാണ് നോർവീജിയവൻ സംഘം വിശ്വവേദിയിൽ പന്ത് തട്ടാനൊരുങ്ങുന്നത്. 1998 ലാണ് അവർ അവസാനമായി ഒരു ലോകകപ്പ് കളിച്ചത്. 2000 ത്തിൽ അരങ്ങേറിയ യൂറോക്ക് ശേഷം നോർവേ ഇതുവരെ ഒരു മേജർ ടൂർണമെന്റ് പോലും കളിച്ചിട്ടില്ല.
കളിക്ക് മുമ്പ് മൈതാനത്തിന് പുറത്ത് ഇസ്രായേൽ വിരുദ്ധ പ്രക്ഷോപമരങ്ങേറിയുന്നു. പൊലീസ് ടിയർ ?ഗാസ് പ്രയോ?ഗിച്ചു. നിരവധി പേർ അറസ്റ്റിലായി. ഇസ്രായേലിനെ ഫുട്ബോൾ മൈതാനങ്ങളിൽ നിന്ന് വിലക്കണമെന്നാണ് ഇവരൊക്കെ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഫിഫ പുലർത്തുന്ന നിസ്സം?ഗമായ സമീപനം ഇപ്പോഴും ചോദ്യമുനയിലാണ്. ഏതായാലും നോർവേയുടെ ജയം ഇരട്ടി മധുരമാണ് ഇന്നലെ ആരാധകർക്ക് നൽകിയത്. പലരുമിന്നലെ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചിട്ടു. നന്ദി ഹാളണ്ട്. ഇസ്രായേലിനെ തോൽപ്പിച്ചതിന്.. ഒപ്പം ഫിഫയേയും.
Content Highlights- Haaland Show against Israel for Norway