ഫൈനൽ വിസിലിന് ശേഷമുള്ള ലൂയീസ് എൻ റിക്വയുടെ ആ രോക്ഷപ്രകടനത്തിൽ തന്നെ എല്ലാമുണ്ടായിരുന്നു. അതല്ലെങ്കിലും ഒരു ഈസി വിൻ പ്രതീക്ഷിച്ചു മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെത്തിയ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് അടിതെറ്റുമെന്ന് ഏതെങ്കിലും ഫുട്ബോൾ കാഴ്ചക്കാരൻ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ?, അതും ഇത്രയും താഴ്ച്ചയിൽ..
ഫുട്ബോൾ പണ്ഡിറ്റുകളും സൂപ്പർ കമ്പ്യൂട്ടറുകളും ആരാധക തലച്ചോറുകളും വരെ ഏവരും പി എസ് ജി യ്ക്ക് അപ്രമാദിത്യം പ്രവചിച്ച മത്സരത്തിൽ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ഇത് ഫുട്ബോളാണ്, ദാവീദ്-ഗോലിയാത്ത് കളി പോലുമല്ലെന്ന് ഒരൊറ്റ പകുതിയിലൂടെ കോൾ പാൾമറും സംഘവും തെളിയിച്ചു.
സീസണിലെ തന്നെയല്ല, ട്രിപ്പിൾ കിരീട നേട്ടത്തോടെ ചരിത്രത്തിലെ തന്നെ വമ്പൻ ഫോമുമായാണ് പി എസ് ജി എത്തിയിരുന്നത്. കരുത്തരിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെയും റയൽ മാഡ്രിഡിനെയും തോൽപ്പിച്ചെത്തിയ അവർക്ക് സ്വപ്ന സംഘത്തിന്റെ പിൻബലവുമുണ്ടായിരുന്നു. ഈ സീസണിൽ ഇതുവരെയും ഒരൊറ്റ തവണ പോലും വെല്ലുവിളിക്കപ്പെടാത്ത ന്യൂനോ മെൻഡിസും വിറ്റിഞ്ഞയും അതിന്റെ കൂടെ ബോണസായും ഉണ്ടായിരുന്നു.
മറുവശത്ത് കുഞ്ഞൻ ടീമുകളെ തോൽപ്പിച്ചെത്തിയ ടീമെന്ന പഴിയായിരുന്നു ചെൽസിക്കുണ്ടായിരുന്നത്. സീസണിൽ ആകെ കൈയിലെടുത്തത് അപ്രധാനമെന്ന് കരുതുന്ന കോൺഫറൻസ് ലീഗ് ട്രോഫി മാത്രവും. പേരുകേട്ട താരനിരയും കൂട്ടിനില്ല.
എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് ആ രാത്രിയെ അവർ സ്വന്തമാക്കി. ആ മോഹ സാഫല്യത്തിൽ നമ്മളും അത്യത്ഭുതത്തോടെ തലയിൽ കൈവെച്ചു. ആ അത്ഭുതം ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ പാരിസിലെ ഈഫൽ ടവറിനേക്കാൾ ഉയരത്തിൽ നീല നിറത്തിൽ ജ്വലിച്ചു നിന്നു.
Dont underestimate any one … തലേ ദിവസമുള്ള ഫുട്ബോൾ രാത്രിയിൽ ചെൽസി നമ്മളോട് പറയുന്നത് ഇതാണ്. അതേ.. വൺ സൈഡ് മാച്ചെന്നും ചെൽസിയെ കൊല്ലരുതെന്നും സോഷ്യൽ മീഡിയയിൽ മുറവിളി കൂട്ടുന്നതിന് മുമ്പ്, 2012 ൽ അന്നത്തെ പ്രൈം ടീമായ ബയേൺ മ്യൂണിക്കിനെയും 2021 ൽ അന്നത്തെ പ്രൈം ടീമായ പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റിയെയും ഇതുപോലെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചരിത്രമുള്ള ചെൽസിയെ കുറിച്ച് രണ്ടാവർത്തി ആലോചിക്കണമായിരുന്നു.
അതിനപ്പുറം ഇത് ഫുട്ബോളാണെന്നും അന്നേ ദിവസത്തിന്റെ മികവിൽ കണക്കിനേയും അതുവരെയുള്ള കളിയെയും അപ്രസ്തമാക്കിയുള്ള ഒരു റിസൾട്ടിന്റെ സാധ്യതയും തളളരുതെന്നും ചിന്തിക്കണമായിരുന്നു.
Content Highlights: 'Don't underestimate' This is football, things change; Chelsea proved that last night