ക്രിക്കറ്റ് ആരാധകർ ഇത്രമാത്രം കാത്തിരുന്ന ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപനം ഇതിന് മുമ്പുണ്ടായിട്ടില്ല. രോഹിത് ശർമയും വിരാട് കോഹ്ലിയും ഫോർമാറ്റിൽ നിന്നും വിരമിച്ചതോടെ ഇനി പകരമാര് എന്ന ആകാംക്ഷയായിരുന്നു അതിന് പ്രധാന കാരണം. എന്നാലിതാ ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ബിസിസിഐ ഔദ്യോഗികമായി പുതിയ ടെസ്റ്റ് ക്യാപ്റ്റനെയും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിരിക്കുകയാണ്.
ജൂണിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ശുഭ്മൻ ഗില്ലാണ് നായകൻ. റിഷഭ് പന്ത് വൈസ് ക്യാപ്റ്റനാകും. തലമുറ മാറ്റത്തിൽ മുഹമ്മദ് ഷമി ഉൾപ്പടെ ദീർഘകാലം ടീമിനെ സേവിച്ചവർ പുറത്തായപ്പോൾ സമീപ കാലത്ത് ആഭ്യന്തര ക്രിക്കറ്റിലും മറ്റും മികച്ച പ്രകടനം കാഴ്ച വെച്ചവരെ ബിസിസിഐ ചേർത്തുപിടിച്ചു.
കഴിഞ്ഞ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ദയനീയ തോൽവിക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇനിയുള്ള ടീമിലേക്കുള്ള സെലക്ഷൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തെ കൂടി ആശ്രയിച്ചാവുമെന്നും ബിസിസിഐ ചൂണ്ടികാട്ടിയിരുന്നു. ആ വാക്ക് ബിസിസിഐ പാലിച്ചിരിക്കുകയാണ്.
അങ്ങനെ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും പ്രകടനം കാഴ്ച വെച്ച കരുൺ നായർ, ഷാർദുൽ താക്കൂർ, അഭിമന്യു ഈശ്വരൻ, ഹർഷ് ദുബെ എന്നിവർ ടീമിലെത്തി. ഐപിഎല്ലിലെ മികച്ച പ്രകടനം സായ് സുദർശനും ടി 20 യിലെയും ഏകദിനത്തിലെയും പ്രകടനം അർഷ്ദീപിനും അരങ്ങേറ്റ സൗഭാഗ്യമൊരുക്കി. രഞ്ജി ട്രോഫിയിൽ ഈ സീസണിൽ ഫൈനലിലെ സെഞ്ച്വറിയടക്കം ഒമ്പത് മത്സരങ്ങളിൽ നിന്ന് 53.93 എന്ന ശരാശരിയിൽ കരുൺ നായർ 863 റൺസ് നേടിയിരുന്നു. ഇതുപോലെ വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മിന്നുന്ന പ്രകടനം നടത്തി. ഐപിഎല്ലിൽ ഈ സീസണിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിലും ഞെട്ടിച്ചു.
ഇടയ്ക്കിടെ ടീമിൽ നിന്നും പുറത്താവുന്ന താരമായിരുന്നു ഷാർദുൽ താക്കൂർ. ഓസീസ് മണ്ണിൽ മികച്ച റെക്കോർഡുണ്ടായിട്ടും കഴിഞ്ഞ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ താരത്തെ പരിഗണിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ രഞ്ജി ട്രോഫിയിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ച പ്രകടനമാണ് നടത്തിയത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റുകളും 505 റൺസും ഷാര്ദൂല് താക്കൂര് നേടി.
രഞ്ജി ട്രോഫിയുടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന റെക്കോർഡ് കഴിഞ്ഞ ടൂർണമെന്റിൽ തിരുത്തി കുറിച്ച വിദർഭ താരം ഹർഷ് ദുബെയ്ക്കും പട്ടികയിൽ ഇടം ലഭിച്ചു. 69 വിക്കറ്റുകളാണ് താരം ഒറ്റ സീസണിൽ നേടിയത്.
അഭിമന്യു ഈശ്വരനാണ് ഇതേ രീതിയിൽ അവസരം തേടിയെത്തിയ മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റിൽ ഈ സീസണിൽ തുടർച്ചയായ നാല് സെഞ്ച്വറികൾ നേടിയ താരമാണ് അഭിമന്യു. ഫസ്റ്റ് ക്ലാസിലെ 101 മത്സരങ്ങളിൽ നിന്നും 49 റൺസ് ശരാശരിയിൽ 7674 റൺസ് നേടിയിട്ടുണ്ട്.ഐപിഎല്ലിന്റെ ഈ സീസണിൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിലുള്ള സായ് സുദർശനാണ് മറ്റൊരു താരം. 13 മത്സരങ്ങളിൽ നിന്ന് 53 റൺസ് ശരാശരിയിൽ 638 റൺസാണ് സുദർശൻ നേടിയിട്ടുള്ളത്. ടി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ വേഗതയേറിയ വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് ഈ ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ടെസ്റ്റിലേക്ക് ഫസ്റ്റ് കോൾ എത്തുന്നത്. ഇതിനിടയിൽ ഏകദിനത്തിൽ നൽകിയ അവസരവും താരം മുതലാക്കിയിരുന്നു.
ഏതായാലും ഗില്ലിന്റെ നായകത്വത്തിൽ അടിമുടി മാറിയ ടീം ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോൾ ഇന്ത്യൻ ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഗംഭീറിന്റെ കീഴിൽ താരാധിപത്യം പൂർണമായും അറുത്തുകളഞ്ഞ ടീമിന്, ന്യൂസിലാൻഡിനെതിരെയും ഓസീസിനെതിരെയുമുള്ള ടെസ്റ്റ് പരമ്പര തോൽവിക്ക് ശേഷം ഒരു പുതിയ തുടക്കം കുറിക്കാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.
Content Highlights: