സസ്പെൻസുകൾക്കൊടുവിൽ കോഹ്ലി അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ ഫോർമാറ്റിൽ നിന്ന് മാറിനിൽക്കുക അത്ര എളുപ്പമല്ലെങ്കിൽ കൂടി ഇതാണ് ശരിയായ സമയമെന്ന് താൻ കരുതുന്നുവെന്നും 14 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ജീവിതം ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചുവെന്നും കോഹ്ലി കുറിച്ചു.
അതേ സമയം കഴിഞ്ഞ ദിവസമാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന ആവശ്യം ബിസിസിഐ മുന്നോട്ട് വച്ചെങ്കിലും കോഹ്ലി തീരുമാനത്തിൽ ഉറച്ചുനിന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
താരത്തെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളുമായി ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമവും വിജയിച്ചില്ല. നേരത്തെ മുൻ താരങ്ങൾ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്റെ ടെസ്റ്റ് കരിയര് അവസാനിച്ചുവെന്ന് കോഹ്ലി സഹതാരങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീടുള്ള ചാമ്പ്യൻസ് ട്രോഫിയിലും ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലും താരം തിളങ്ങിയിരുന്നു. ടെസ്റ്റിൽ പതിനായിരം റൺസിന് വളരെ അടുത്ത് നിൽക്കുന്ന താരം കുറച്ചുകൂടി കാലം കളിക്കണമെന്ന ആവശ്യം ആരാധകരും ഉന്നയിച്ചതോടെ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാൽ ഏവരെയും വിഷമിപ്പിക്കുന്നത് കൂടിയാണ് ഈ വാർത്ത. കാലങ്ങളോളം സഹതാരമാവും നിലവിലെ ക്യാപ്റ്റനുമായിരുന്ന രോഹിത് ശർമയുടെ അപ്രതീക്ഷിത വിടവാങ്ങലും താരത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് സൂചന
അതേ സമയം ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് വിരാട് കോഹ്ലി. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും കോഹ്ലി തന്നെ, 68 ടെസ്റ്റുകളിൽ ഇന്ത്യൻ നായകനായ വിരാട് കോഹ്ലിക്ക് 40ലും രാജ്യത്തെ വിജയത്തിലേക്ക് നയിക്കാൻ സാധിച്ചു. 58.82 ആണ് കോഹ്ലിയുടെ വിജയശതമാനം.
കോഹ്ലിയുടെ നായക മികവിൽ വിദേശമണ്ണിലും ഇന്ത്യ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി. 2018-2019 ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ഇന്ത്യ പരമ്പര വിജയം നേടി. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പരമ്പര നേട്ടത്തിന് സാധിച്ചില്ലെങ്കിലും കോഹ്ലിയുടെ നായക മികവിൽ ഇന്ത്യയ്ക്ക് ഇവിടെയും ചരിത്രവിജയങ്ങൾ ഉണ്ടായി.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം കൂടിയാണ് വിരാട് കോഹ്ലി. ഏഴ് ഇരട്ട സെഞ്ച്വറികളാണ് കോഹ്ലി ഇന്ത്യയ്ക്കായി സ്വന്തമാക്കിയത്. ആറ് ഇരട്ട സെഞ്ച്വറികൾ ഇന്ത്യയ്ക്കായി നേടിയിട്ടുള്ള സച്ചിൻ തെണ്ടുൽക്കറിനെയും വിരേന്ദർ സെവാഗിനെയും മറികടന്നുള്ള നേട്ടമാണ് കോഹ്ലിയുടേത്.
തുടർച്ചയായ നാല് പരമ്പരകളിൽ നാല് തവണ ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റനായി കൂടുതൽ റൺസെന്ന നേട്ടവും കോഹ്ലിയുടെ പേരിലാണ്. 20 സെഞ്ച്വറികൾ ഉൾപ്പെടെ 5,864 റൺസാണ് കോഹ്ലി തന്റെ നായക കാലഘട്ടത്തിൽ അടിച്ചെടുത്തത്. ആകെ കളിച്ച 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസും നേടി. ഇതിൽ 30 സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു.
Content Highlights:More doubles for India; more wins as captain; virat hero captian