ഏതാനും ദിവസങ്ങൾ നീണ്ട അനിശ്ചിതത്ത്വത്തിന് അവസാനമായി. കിങ് കോഹ്ലി സിംഹാസനം ഒഴിഞ്ഞിരിക്കുന്നു. രാജാവ് പടിയിറങ്ങുമ്പോൾ രാജ്യത്തെ ജനങ്ങൾ ഭയപ്പെടുന്നത് സ്വഭാവികമാണ്. അനാഥമാക്കപ്പെടുന്നതിന്റെ വേദനയുണ്ടാവും. വിരാട് കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് വിട്ടിറങ്ങുമ്പോൾ ഒരു വലിയ ശൂന്യതയാണ് അനുഭവപ്പെടുന്നത്. ദൈവമോ ദൈവപുത്രനോ ആയതുകൊണ്ടല്ല അയാളെ രാജാവെന്ന് വിളിച്ചുകൊണ്ടിരിക്കുന്നത്. പകരം ഓരോ തവണ വീണപ്പോഴും സ്വപ്രയത്നംകൊണ്ടും കഠിനാധ്വാനംകൊണ്ടും സ്വയം എഴുന്നേറ്റതുകൊണ്ടാണ്.
2008ൽ അണ്ടർ 19 ലോകകിരീടം സ്വന്തമാക്കി അയാൾ ദേശീയ ടീമിന്റെ പടവുകൾ കയറി. അതിവേഗം ഇന്ത്യൻ ക്രിക്കറ്റിന്റെ മധ്യനിരയിലെ വിശ്വസ്ത താരമായി കോഹ്ലി. കുറഞ്ഞ കാലത്തിൽ ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കറിന് പിൻഗാമിയാകുമെന്ന് വിലയിരുത്തപ്പെട്ടു. റെക്കോർഡുകൾ തകർത്തെറിഞ്ഞ്, റൺമലകൾ ഓടിക്കയറി കിങ് കോഹ്ലി ഒരു സാമ്രാജ്യം പടുത്തുയർത്തി. സച്ചിൻ ക്രീസിലുണ്ടല്ലോ എന്ന ആത്മവിശ്വാസം പുതിയ കാലത്തിലും അണയാതെ കാത്തുസൂക്ഷിച്ചവൻ. എന്നെക്കാൾ കരുത്തനായൊരാൾ ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അന്നേ സച്ചിൻ പറഞ്ഞിരുന്നു. ശാന്തമായിരുന്നു സച്ചിന്റെ സ്ട്രൈറ്റ് ഡ്രൈവുകൾ. പക്ഷേ കോഹ്ലിയുടെ കവർഡ്രൈവുകളിലെന്നും ആക്രമണോത്സുകത നിറഞ്ഞുനിന്നിരുന്നു.
ഒരൽപ്പം ശൗര്യക്കൂടുതൽ രാജാവിന്റെ സ്വഭാവത്തിലുമുണ്ടായിരുന്നു. 2014ൽ ആദ്യമായി വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായി. തന്റെ പടയാളികളെ അയാൾ ഇങ്ങനെ ഉപദേശിച്ചു. 'ഇനി കളിക്കുന്നത് എവിടെയാണെന്നത് നോക്കേണ്ടതില്ല. എതിരാളികൾ ആരെന്ന് അറിയേണ്ടതുമില്ല. ഇനി നമ്മൾ ക്രിക്കറ്റ് കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമായിരിക്കും.' ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനായി കോഹ്ലി മാറിയത് അവിടെ നിന്നുമാണ്. ആകെ നയിച്ച 68 ടെസ്റ്റുകളിൽ 40ലും വിജയം. ഓസ്ട്രേലിയയിൽ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ നായകൻ. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യ വിജയക്കൊടി ഉയർത്തി. ബാറ്റുകൊണ്ട് മോശമായി തുടങ്ങിയപ്പോൾ ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമയ്ക്ക് കൈമാറി.
കാലം വീണ്ടും മുന്നോട്ടുപോയി. ചിലപ്പോഴൊക്കെ ആ പഴയ വിരാട് കോഹ്ലിയെ കളിക്കളത്തിൽ കാണാറില്ല. ആക്രമണ ശൈലി ശാന്തതയ്ക്ക് വഴിമാറിയിരിക്കുന്നു. വലിയ റൺസുകൾ നേടുന്നതിന് ഇടവേളകൾ ഉണ്ടാകുന്നു. പക്ഷേ അയാളുടെ മുന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. 2023ൽ അഹമ്മദാബാദിൽ വീണ കണ്ണീർ എന്നെന്നേയ്ക്കുമായി തുടച്ചുകളയുക. 2011 നേടിയെടുത്ത ലോകകിരീടം വീണ്ടും ഇന്ത്യൻ മണ്ണിൽ തിരികെയെത്തിക്കുക. അതിന് ശേഷമാവാം നീലകുപ്പായം ഊരിവെയ്ക്കുന്നത്.
Content Highlights: Breaking records, conquering the Cricket world; King Kohli steps down