ഇനി ഒരൊറ്റ ജയം മാത്രം മതി. സ്പാനിഷ് ലാ ലീഗ ഫുട്ബോൾ കിരീടം ബാഴ്സലോണ തിരിച്ചുപിടിക്കും. ഈ സീസണിൽ ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്ന അവിശ്വസനീയ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുന്നു. കോപ്പ ഡെൽ റേയിലും സ്പാനിഷ് സൂപ്പർ കപ്പിലും കിരീട നേട്ടം. ചാംപ്യൻസ് ലീഗിൽ സെമിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഇന്റർ മിലാനോട് തോൽവി വഴങ്ങി. എങ്കിലും ഹാൻസി ഫ്ലിക്ക് മാനേജരായെത്തുമ്പോൾ ചാംപ്യൻസ് ലീഗ് കിരീടമൊന്നും ബാഴ്സ മാനേജ്മെന്റിന്റെ ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല.
2021ൽ കൊവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ബാഴ്സയെ തിരിച്ചുകൊണ്ടുവരണം. അതാണ് ഏറെക്കാലമായി ബാഴ്സ മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. 2008 മുതൽ 2016 വരെ യൂറോപ്പ്യൻ ഫുട്ബോളിന്റെ അധിപന്മാരായിരുന്നു ബാഴ്സ. ഫ്രാങ്ക് റൈക്കാര്ഡ്, പെപ് ഗ്വാര്ഡിയോള, ലൂയിസ് എൻറിക്വെ തുടങ്ങിയവരുടെ പരിശീലന കാലഘട്ടം. ലയണൽ മെസ്സി, ലൂയിസ് സുവാരസ്, സാവി ഹെർണാണ്ടസ്, ആന്ദ്ര ഇനിസ്റ്റ, സെർജിയോ ബുസ്കറ്റ്സ്, നെയർമർ ജൂനിയർ എന്നിവരെല്ലാം തിളങ്ങിനിന്നിരുന്ന സമയം. കൊവിഡ് തകർത്തത് ബാഴ്സയെ മാത്രമല്ല, കാൽപ്പന്തിന്റെ ലോകത്തേയ്ക്ക് ഇതിഹാസങ്ങളെ നൽകിയ ഒരു ക്ലബിനെക്കൂടിയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ ബാഴ്സയിൽ ആ പഴയപോരാട്ട വീര്യം കാണുകയാണ്. ജർമനിയിൽ നിന്നും ഹാൻസി ഫ്ലിക്കെന്ന മാനേജർ എത്തിയതുമുതൽ.
അതിവേഗം ചെറിയ പാസുകൾ നൽകി മുന്നേറുന്ന ടിക്കി ടാക്ക ശൈലിക്ക് മാറ്റം വരുത്തി. മത്സരം മുഴുവൻ പന്ത് കൈവശം വെയ്ക്കുന്ന പൊസഷൻ ഗെയിമും ജർമൻ കോച്ച് പൊളിച്ചെഴുതി. പകരമായി ലോങ് പാസ് നൽകാൻ പഠിപ്പിച്ചു. എതിരാളിയുടെ പോസ്റ്റിൽ നിൽക്കെ പന്തിന്റെ നിയന്ത്രണം നഷ്ടമായാൽ എത്ര അപകടകരമായ രീതിയിലും അതിവേഗം പന്ത് തിരിച്ചെടുക്കുന്ന ഗെഗെൻപ്രസിങ് ശൈലി ആണ് മറ്റൊരു തന്ത്രം. അങ്ങനെ പരമ്പരാഗത സ്പാനിഷ് ഫുട്ബോൾ ശൈലിയിൽ നിന്നും ആധുനിക ജർമൻ രീതിയിലേക്ക് ബാഴ്സ രൂപമാറ്റം ചെയ്യപ്പെട്ടു.
ഇത് പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന ബാഴ്സയല്ല, പകരം പുതിയതായി നിർമിച്ചെടുത്ത കറ്റാലന്മാരാണ്. ലമീൻ യമാൽ, പൗ കുബാർസി, റാഫീന്യ, ഡാനി ഒൾമോ, പെഡ്രി, ഫെറാൻ ടോറസ് തുടങ്ങിയവരാണ് ഇന്ന് ബാഴ്സയുടെ പോർക്കളത്തിലുള്ളത്. ഇവർ പമ്പരാഗത വൈരികളായ റയൽ മാഡ്രിഡിനെ സീസണിൽ നാല് തവണ തോൽപ്പിച്ചു. 2019-20ലെ ചാംപ്യൻസ് ലീഗിൽ ബാഴ്സയെ തകർത്ത ബയേൺ മ്യൂണികിനോട് നാല് വർഷത്തിന്റെ ഇടവേളയിൽ ബാഴ്സ സമാന രീതിയിൽ മധുരപ്രതികാരം പൂർത്തിയാക്കി. രണ്ടിടത്തും ഒരാളുടെ തന്ത്രങ്ങളുണ്ട്. അന്ന് ബയേണിന്റെ പരിശീലകൻ ഇന്നയാൾ ബാഴ്സലോണയെ കളിപഠിപ്പിക്കുന്നു. ഹാൻസി ഫ്ലിക്കെന്ന ജർമൻ മാനേജർ.
Content Highlights: Barcelona's resurgence: Four years after the collapse