ഇന്ത്യയുടെ ബാറ്റിങ് തുടങ്ങിയോ എന്നിടത്ത് നിന്നും ബൗളിങ് എപ്പോൾ എന്ന് കാണികളുടെ മന:ശാസ്ത്രം തിരുത്തിയ ബുംമ്ര

ബുംമ്രയ്ക്ക് കീഴിൽ പെർത്ത് ആവർത്തിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർ.

ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തേയും ടെസ്റ്റ് അതിന്റെ ആവേശകരമായ അന്ത്യത്തിലേക്ക്‌ കടക്കുകയാണ്. നിലവിൽ പരമ്പരയിൽ പിന്നിലുള്ള ഇന്ത്യ മത്സരം സ്വന്തമാക്കി കിരീടം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ്. ബിജിടി കിരീടം നിലനിർത്തുന്നതിനപ്പുറം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത സജീവമാക്കാനും സിഡ്‌നിയിലെ വിജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്.

ഒരു വൻകര കപ്പിന്റെ ആവേശവും ആകാംക്ഷയുമാണ് ഈ പരമ്പര ക്രിക്കറ്റ് ആരാധകർക്ക് നൽകിയത്. പരമ്പര തുടങ്ങുന്നതിന് മുമ്പ് ഓവർ ഹൈപ്പാകുമോ എന്ന് കരുതിയിടത്ത് നിന്നും ക്രിക്കറ്റെന്ന ഗെയിമിന്റെ എല്ലാ സൗന്ദര്യവും വാശിയും ചേർന്നുള്ളതായി ടൂർണമെന്റ് മാറി. ടെസ്റ്റ് അതിന്റെ പ്രതാപം വീണ്ടെടുത്തു. ഓസ്‌ട്രേലിയയിൽ ആഷസ് കപ്പിനെയും മറികടന്ന് ബിഗ് ഹിറ്റായി. ഗ്യാലറികൾ കാണികളെ കൊണ്ട് നിറഞ്ഞു. പത്രങ്ങൾ കട്ട് ഔട്ടുകൾ കൊണ്ട് മൂടപ്പെട്ടു. താരങ്ങൾ തമ്മിലുള്ള സ്ലെഡ്ജിങ് മുതൽ മുൻ താരങ്ങളുടെ അഭിപ്രായ പ്രകടനങ്ങളും ആരാധകരുടെ കൊമ്പുകോർക്കലുകളും എല്ലാം ഈ സമയത്ത് നടന്ന മറ്റ് പരമ്പരകളിൽ നിന്ന് ബിജിടിയെ വ്യത്യസ്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കും ഇത് ഒരു പുതു അനുഭവമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് വരെ കേട്ടുകേൾവിയില്ലാത്തതും സംഭവിക്കാത്തതുമായ പലതും സംഭവിച്ചു. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ക്യാപ്റ്റനെ ടീം ഇലവനിൽ നിന്ന് പുറത്താക്കി. ഇതിനേക്കാളപ്പുറം ഒരു ക്രിക്കറ്റ് കാണി എന്ന നിലയിൽ ഇന്ത്യൻ ആരാധകരുടെ മനോഭാവവും മാറി. ക്രിക്കറ്റ് ആസ്വാദനത്തിന് ബാറ്റിങ്ങിനെ കൂടുതലായി ആശ്രയിച്ചിരുന്ന കാണികൾ ഇപ്പോൾ ബൗളിങ് സെഷനിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.

Also Read:

Sports Talk
എന്നും ഓസീസിന്റെ പേടിസ്വപ്നം, നോക്കൗട്ട് മത്സരങ്ങളിലെ യുവിയുടെ തിളക്കമാർന്ന ഇന്നിങ്സുകൾ

സ്റ്റാർ സ്പോർട്സിന്റെ ലൈവ് ടെലികാസ്റ്റ് വ്യൂവേഴ്‌സിനെ നോക്കിയാൽ ഇതെളുപ്പം മനസ്സിലാകും. ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ 20 ലക്ഷം വരെയുണ്ടാകുന്ന കാണികൾ ബൗൾ ചെയ്യുമ്പോൾ അതിന്റെ ഇരട്ടിയാകുന്നു. കുറച്ച് കാലം മുമ്പ് വരെ ഇന്ത്യ ബൗൾ ചെയ്യുന്നത് കാണാൻ ഒരുപാട് പേരുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ബൗൾ ചെയ്തു കഴിഞ്ഞ് ബാറ്റിനിറങ്ങട്ടെ, അപ്പോൾ കാണാമെന്ന മൈൻഡായിരുന്നു എല്ലാവർക്കും. എന്നാൽ ഇപ്പോൾ അവസ്ഥ നേരെ തിരിച്ചാണ്. രാവിലെ അഞ്ച് മണിക്ക് ഓസീസ് മണ്ണിൽ തുടങ്ങുന്ന ഓരോ ദിവസത്തെയും ആദ്യ സെഷൻ ഉറക്കമെണീറ്റ് കണ്ടുതുടങ്ങാൻ കാരണം അത് ഇന്ത്യയുടെ ബൗളിങ് സെഷൻ ആയത് കൊണ്ട് കൂടിയാണ്.

Also Read:

Sports Talk
പാക് ബോളറുടെ ചതി നിറച്ച ആ ലെഗ് സൈഡ് കെണിയെ ലീവ് ചെയ്യാൻ അശ്വിൻ കാണിച്ച ക്രിക്കറ്റ് ബുദ്ധി എങ്ങനെ മറക്കും?

ഇന്ത്യൻ ക്രിക്കറ്റിലെ ബുംമ്ര എഫക്ട് തന്നെയാണ് ഇതെന്ന് നിസംശയം പറയാം. സച്ചിനും സെവാഗും ധോണിയും യുവരാജുമൊക്കെ വിരമിച്ചപ്പോൾ കാഴ്ചക്കാരിൽ നിന്നും വലിയ വിഭാഗം പേരാണ് വിരമിച്ചുപോയത്. അവരെല്ലാം ബുംമ്രയുടെ കാലത്ത് വീണ്ടും തിരിച്ചുവന്നിട്ടുണ്ട്. ടി 20 ലോകകപ്പിലും ഇത് പ്രകടമായിരുന്നു. ഓരോവറിൽ ബാറ്റർമാർ 15 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്നത് കാണുന്നതിനേക്കാൾ ഹരം ബുംമ്ര അഞ്ച് റൺസ് പ്രതിരോധിക്കുന്നത് കാണാനായി മാറി. ആവറേജ് എല്ലാ മത്സരങ്ങളിലും 200 നടുത്തുള്ള ടീം സ്‌കോറുകൾ പിറന്ന ആ ലോകകപ്പിൽ നാല് റൺസ് എക്കോണമിയിലാണ് ആ മനുഷ്യൻ 15 വിക്കറ്റുകൾ കൊയ്തത്.

ഒടുവിൽ ബിജിടിയിലെത്തുമ്പോൾ അയാൾ നേടിയ വിക്കറ്റുകൾ 32 ആണ്. പരമ്പരയിൽ രണ്ടാമതുള്ളയാൾ 20 നമ്പറിലെത്തുന്നേ ഒള്ളൂ. ഓസീസുകാർ സ്റ്റാർക്കും മാർഷും ബോളണ്ടും കമ്മിൻസും എന്നൊക്കെ മാറി മാറി പേര് പറയുമ്പോൾ ഇന്ത്യൻ ആരാധകർ ഒരൊറ്റ പേരാക്കി അതിനെയെല്ലാം ചെക്ക് വിളിക്കും, ബുംമ്ര.

തന്നെ മീഡിയം പേസറെന്ന് വിളിച്ച ഓസീസ് മീഡിയയെ ഒരൊറ്റ യോർക്കറിൽ ഫാസ്റ്റ് ബൗളറെന്ന് തിരുത്തിയ, നിർണ്ണായക ഘട്ടങ്ങളിൽ ബാറ്റുമെടുത്ത് ഓൾ റൗണ്ടറായും കളം നിറഞ്ഞ താരം. ഒടുവിൽ അവസാന ടെസ്റ്റിൽ കപ്പിത്താന്റെ റോളും ഏറ്റെടുത്ത് മുന്നിൽ നിന്ന് അയാൾ നയിക്കുമ്പോൾ അതുണ്ടാക്കിയ ഇമ്പാക്ട് ചെറുതല്ലെന്ന് കളി കാണുന്നവർക്ക് മനസ്സിലാകും. ഇപ്പോൾ തത്കാലം പെർത്ത് ആവർത്തിക്കട്ടെ എന്ന പ്രാർത്ഥനയെ ഇന്ത്യൻ ആരാധകർക്കുള്ളൂ.

Content Highlights: jasprit bumrah x factor in modern indian cricket

To advertise here,contact us