മറ്റൊരു ഗാബ, മറ്റൊരു പന്ത്; തിരിച്ചുവരവിൽ വീണ്ടും ഇന്ത്യയുടെ രക്ഷകനാകുമോ?

ഇന്ത്യ അവസാനമായി ഗാബയിൽ ടെസ്റ്റ് വിജയിക്കുമ്പോൾ വിജയ ശില്പിയായിരുന്നത് റിഷഭ് പന്തായിരുന്നു. വാഹനാപകടം നടന്ന് നീണ്ട ഇരുപത് മാസത്തെ ഇടവേളയെടുക്കുന്നതിന് മുമ്പ് 2021 ലായിരുന്നു ആ മിന്നും പ്രകടനം

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ മൂന്നാം ടെസ്റ്റിന് ഡിസംബർ 14ന് തുടക്കമാവുകയാണ്. പെർത്തിൽ 295 റൺസിന്റെ മിന്നും വിജയം നേടിയ ഇന്ത്യയ്ക്ക് അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്റിന്റെ മറുപടിയാണ് ഓസ്‌ട്രേലിയ നൽകിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്യാൻ ഇനിയുള്ള മൂന്ന് മത്സരങ്ങളും വിജയിക്കുക ഇന്ത്യയ്ക്ക് നിർണ്ണായകമായിരിക്കെ ഗാബ അതിനിർണ്ണായകമാകും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പ് വരുത്താനും കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പര തോൽവിക്ക് മറുപടി നൽകാൻ ഓസീസിനും ഗാബ നിർണ്ണായകമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടികളാണ് അഡലെയ്ഡിൽ ലഭിച്ചത്. തോൽവിക്കപ്പുറം ഇന്ത്യൻ നിരയിലെ ദൗർബല്യങ്ങൾ തുറന്ന് കാണിക്കുന്നതായിരുന്നു മത്സരം. ബൗളിങ്ങിൽ ജസ്പ്രീത് ബുംമ്രയ്ക്ക് മറ്റുള്ളവരിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതാണ് പ്രശ്നമെങ്കിൽ സ്ഥിരതയില്ലായ്മയാണ് ബാറ്റിങ്ങിൽ നേരിടുന്ന പ്രധാന പ്രശ്‌നം. അരങ്ങേറ്റക്കാരനായി ഓസ്‌ട്രേലിയയിലെത്തിയ നിതീഷ് കുമാർ റെഡ്‌ഡി അവസാന നമ്പറുകളിലിറങ്ങി നാല്പതിന് മുകളിൽ സ്കോർ ചെയ്യുന്നത് മാത്രമാണ് ആശ്വാസമായി ഉള്ളത്. വിരാട് കോഹ്‌ലിക്കും ജയ്‌സ്വാളിനും പെർത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടാനായെങ്കിലും മറ്റ് ഇന്നിങ്‌സുകളിൽ സ്ഥിരത ലഭിച്ചില്ല.

Also Read:

Sports Talk
ടീമിലിട്ടപ്പോൾ പലരും നെറ്റിചുളിച്ചു, എന്നാൽ ഇപ്പോൾ സാക്ഷാൽ സ്റ്റാർക് അടക്കം കൈയ്യടിച്ച നിതീഷ് റെഡ്ഡി മികവ്

രോഹിത് ശർമ കളിച്ച രണ്ട് ഇന്നിങ്സിലും മങ്ങിയ പ്രകടനമാണ് കാഴ്ച വെച്ചത്. ക്യാപ്റ്റനെന്ന നിലയിലും രോഹിത്തിന് വീഴ്ചകളുണ്ടായി. വലിയ സ്കോറുകളിലേക്ക് എത്തിയില്ലെങ്കിലും ഭേദപ്പെട്ട തുടക്കം കണ്ടെത്തുന്ന ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, റിഷഭ് പന്ത് എന്നിവരിലാണ് ആരാധകർ ഇപ്പോൾ പ്രതീക്ഷ വെക്കുന്നത്. എന്നാൽ ഇരുവരുടെയും ഇന്നിങ്സ് ഒരുപാട് നേരം നീണ്ടുപോകാത്തത് റൺ ടോട്ടലിനെ സാരമായി ബാധിക്കുന്നുണ്ട്.

ഇന്ത്യൻ ബാറ്റർമാർ നിരനിരയായി കൂടാരം കയറിയ പെർത്തിലെ ആദ്യ ഇന്നിങ്സിൽ നിതീഷ് കഴിഞ്ഞാൽ ഏറ്റവും വലിയ വ്യക്തിഗത സ്കോർ പന്ത് നേടിയ 37 റൺസായിരുന്നു. പെർത്തിലെ രണ്ടാം ഇന്നിങ്സിൽ പക്ഷെ എളുപ്പത്തിൽ മടങ്ങിയപ്പോൾ അഡലെയ്ഡിൽ ഓസീസിന്റെ പേസ് ആക്രമണത്തെ കുറച്ചെങ്കിലും പ്രതിരോധിച്ച് നിൽക്കാൻ പന്തിനായി. പന്ത് അവസാനമായി ഗാബയിൽ കളിച്ചപ്പോൾ നേടിയ ഐതിഹാസിക ഇന്നിങ്‌സും പ്രതീക്ഷ നൽകുന്നതാണ്.

വാഹനപകടത്തെ തുടര്‍ന്ന് എടുക്കേണ്ടി വന്ന നീണ്ട ഒന്നര വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് പന്ത് ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ കാലയളവിൽ ഇന്ത്യ ഏറ്റവും മിസ് ചെയ്ത താരവും പന്തായിരുന്നു. അതിന് വലിയ ഉദാഹരണമായിരുന്നു പന്തിന്റെ അവസാന ഗാബ ടെസ്റ്റ്. വാഹനാപകടത്തിന് മുന്നെയാണ് പന്ത് ഇവിടെ കളിച്ചത്. 2021 ൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായിരുന്നു അന്ന് ഗാബയിൽ നടന്നത്. രണ്ടാം ഇന്നിങ്ങ്സിൽ 138 പന്തിൽ പുറത്താകാതെ പന്ത് നേടിയ 89 റൺസായിരുന്നു ഇന്ത്യയെ വിജയിപ്പിച്ചത്. ഒരു സിക്‌സറും ഒമ്പത് ഫോറുകളും അടക്കമായിരുന്നു ആ ഇന്നിങ്‌സ്.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 369 റൺസ് പിന്തുടർന്ന ഇന്ത്യ അന്ന് മറുപടിയായി ഒന്നാം ഇന്നിങ്സിൽ നേടിയത് 336 റൺസായിരുന്നു. മാർനസ് ലബുഷെയ്‌നിന്റെ സെഞ്ച്വറി പ്രകടനത്തിലായിരുന്നു ഓസീസ് 350 കടന്നത്. മിഡിൽ ഓവറിൽ ശാർദൂൽ താക്കൂറും വാഷിങ്ടൺ സുന്ദറും നടത്തിയ ചെറുത്ത് നിൽപ്പിൽ ഇന്ത്യ ഓസീസ് സ്കോറിന് തൊട്ടടുത്തെത്തി. സുന്ദർ 62 റൺസും താക്കൂർ 67 റൺസും നേടി.

രണ്ടാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്തിന്റേയും വാർണറിന്റെയും മികവിൽ ഓസ്‌ട്രേലിയ 294 റൺസ് നേടി. 327 വിജയ ലക്ഷ്യമായി ഇറങ്ങിയ ഇന്ത്യക്ക് 91 റൺസുമായി ഗില്ലും 56 റൺസെടുത്ത് പൂജാരയും മികച്ച തുടക്കം നൽകിയെങ്കിലും മറ്റ് ബാറ്റർമാർ പരാജയപ്പെട്ടതോടെ ബാക്ക് ഫൂട്ടിലായി. എന്നാൽ അഞ്ചാമനായി ഇറങ്ങിയ പന്ത് വാലറ്റത്തെ ചേർത്ത് പിടിച്ച് വിക്കറ്റ് പോകാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

അന്ന് 23 വയസ്സ് മാത്രം പ്രായമുള്ള, 15 ടെസ്റ്റുകൾ മാത്രം കളിച്ച് പരിചയമുള്ള പന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയ്ക്ക് ആ വർഷത്തെ പരമ്പര നേടികൊടുക്കാനും പന്ത് നിർണ്ണായക പ്രകടനം പുറത്തെടുത്തു. പിന്നീട് ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്ററിൽ ഒരാളായി പന്ത് വളർന്നു. നിലവിൽ 40 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ താരം ആറ് സെഞ്ച്വറികളും 14 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 2021 പോലെ സീനിയർ താരങ്ങൾ ഫോം കണ്ടെത്താൻ പാടുപെടുന്ന മറ്റൊരു ടൂർണമെന്റിലെ നിർണ്ണായക മത്സരത്തിൽ പന്ത് മറ്റൊരു മികച്ച ഇന്നിങ്‌സ് കളിപ്പിച്ച് ഇന്ത്യയെ രക്ഷിക്കുമോ? പന്തിന്റെ ഗാബയിലേക്കുളള തിരിച്ചുവരവിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ വെക്കാമോ, നമുക്ക് കാത്തിരുന്ന് കാണാം.

Content Highlights: India hope in gabba; chasing miracle rishab pant

To advertise here,contact us