ഒരു കഥ പറയാം. മരണത്തിനും ഉയിര്ത്തെഴുന്നേല്പ്പിനുമിടയിലെ 1,100 ദിവസങ്ങളുടെ കഥ. 42-ാം മിനിറ്റിനും 17-ാം മിനിറ്റിനുമിടയിലെ കഥ. ഒരു ത്രോ ഇന്നിന് പിന്നാലെ നിലച്ചുപോയ ഹൃദയത്തിന് മറ്റൊരു ത്രോ ഇന്നിലൂടെ ജീവനേകിയ കഥ. മരണത്തിന്റെ ഫൈനല് വിസിലിനെ പോലും അതിജീവിച്ച ഒരു ഫുട്ബോള് താരത്തിന്റെ കഥ. ക്രിസ്റ്റ്യന് എറിക്സന്റെ കഥ.
ഈ കഥ തുടങ്ങുന്നത് മൂന്ന് വര്ഷം മുന്പ് ഇതുപോലൊരു ജൂണ് മാസത്തിലാണ്. കൃത്യമായി പറഞ്ഞാല് 2021 ജൂണ് 21. ഫുട്ബോള് ലോകം ഇത്രത്തോളം നിശബ്ദമായ മറ്റൊരു ദിവസം ഒരുപക്ഷേ ആരാധകര്ക്ക് ഓര്ത്തെടുക്കാനുണ്ടാകില്ല.
2020 ലെ യൂറോ കപ്പ്. കൊവിഡ് മഹാമാരി നിശ്ചലമാക്കിയതിന് ശേഷം കളിക്കളങ്ങള് ഉണര്ന്നുതുടങ്ങുന്ന കാലം. കോപ്പന് ഹേഗനിലെ പാര്ക്കന് സ്റ്റേഡിയത്തില് ഡെന്മാര്ക്ക് ഫിന്ലാന്ഡിനെ നേരിടുകയാണ്. മത്സരത്തിന്റെ ആദ്യപകുതിയുടെ നിശ്ചിത സമയം അവസാനിക്കാന് മൂന്ന് മിനിറ്റുകള് മാത്രം ബാക്കി. പെട്ടെന്നാണ് സ്റ്റേഡിയത്തില് തിങ്ങിനിറഞ്ഞുനിന്ന കാണികള്ക്കും ആരവങ്ങള്ക്കുമൊപ്പം ഫുട്ബോള് ലോകവും നിശബ്ദമായത്.
എതിര് ഹാഫില് നിന്ന് ലഭിച്ച ത്രോ ഇന് സ്വീകരിക്കാന് മുന്നോട്ടാഞ്ഞ ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന് എറിക്സണ് പെട്ടെന്ന് മൈതാനത്ത് പിടഞ്ഞുവീണു. ഡെന്മാര്ക് ആധികാരികമായി പന്ത് കൈവശം വെച്ച് കളിച്ചിരുന്ന സമയത്താണ് എല്ലാ മുന്നേറ്റങ്ങള്ക്കും ചുക്കാന് പിടിച്ചിരുന്ന എറിക്സണ് ഹൃദയമിടിപ്പ് നിലച്ച് വീണത്. പിന്നീട് നടന്നതെല്ലാം ഒരിറ്റുകണ്ണീരോടെയല്ലാതെ ഫുട്ബോള് ആരാധകര്ക്ക് ഓര്ത്തെടുക്കാന് സാധിക്കില്ല.
തങ്ങളുടെ പ്രിയപ്പെട്ട എറിക്സണ് മരണത്തോട് മല്ലിട്ടുകൊണ്ടിരിക്കുകയാണെന്ന സത്യം മനസ്സിലാക്കി ഓടിയെത്തിയ സഹതാരങ്ങള്, അടിയന്തരമായി വൈദ്യസംഘത്തെ വിളിക്കാനായി റഫറിയുടെ ലോങ് വിസില്, ആദ്യ മെഡിക്കല് സംഘം പരിശോധന നടത്തുമ്പോള് എറിക്സണ് ചുറ്റും നിന്ന് കരഞ്ഞുകൊണ്ട് പ്രാര്ത്ഥിക്കുന്ന സഹതാരങ്ങള്, എറിക്സന്റെ പ്രിയപത്നി സബ്രിനയെ തകര്ന്നുപോകാതെ ചേര്ത്തുപിടിച്ച് ഗോള്കീപ്പര് കാസ്പര് ഷ്മൈച്ചലും ക്യാപ്റ്റന് സൈമണ് കെജറും.
സംഭവത്തിന്റെ തീവ്രതയും പരിഭ്രാന്തിയും ഗ്യാലറിയിലേക്കും പടര്ന്നു. ആരാധകരില് ചിലര് എറിഞ്ഞുകൊടുത്ത ഫിന്നിഷ് പതാകകള് കൊണ്ട് ഡാനിഷ് താരങ്ങള് എറിക്സണ് ചുറ്റും വലയംതീര്ത്തുകൊണ്ട് ആ നിമിഷം ലോകത്തിന് മുന്നില് നിന്നുമറച്ചു. അവിടെ മറനീക്കിയത് മറ്റൊരു സത്യമായിരുന്നു... കാല്പന്തുകളിക്ക് ഒരു ജാതിയോ മതമോ വിശ്വാസമോ ഉണ്ടെങ്കില് അതിന്റെ പേര് 'മനുഷ്യത്വം' എന്ന് മാത്രമാണെന്ന സത്യം.
ഏറെക്കുറെ ഉറപ്പിച്ച മരണത്തില് നിന്ന് 15 മിനിറ്റോളം പ്രാഥമിക ശുശ്രൂഷ നല്കി എറിക്സണെ വൈദ്യസംഘം വീണ്ടെടുത്തു. രണ്ടാമത്തെ മെഡിക്കല് സംഘത്തിന്റെ സഹായത്തോടെ സ്ട്രെച്ചറില് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ എറിക്സനെ ലോകം മൊത്തം വിങ്ങലോടെയും പ്രാര്ത്ഥനകളോടെയും കണ്ടുനിന്നു... എറിക്സണ് പതിയെ ജീവിതത്തിലേക്കും പിന്നീട് കളിക്കളത്തിലേക്കും തിരികെയെത്തി.
കൃത്യം 1,100 ദിവസങ്ങള്ക്കിപ്പുറം കഥയുടെ രണ്ടാം പകുതി.... വീണ്ടുമൊരു യൂറോ കാലം. ജര്മ്മനിയിലെ സ്റ്റട്ട്ഗര്ട്ട് അരീനയില് ഡെന്മാര്ക്ക് സ്ലൊവേനിയയെ നേരിടുമ്പോള് 17-ാം മിനിറ്റ് ദൈവം എറിക്സണ് വേണ്ടി കുറിച്ചിട്ടു. അലക്സാണ്ടര് ബായുടെ ക്വിക്ക് ത്രോയിന്നിനൊടുവില് ജോനാസ് വിന്ഡിന്റെ ബാക്ക് ഹീല് പാസ് കണക്ട് ചെയ്ത് എറിക്സണ് വല കുലുക്കി. മൂന്ന് വര്ഷം മുന്പ് കോപ്പന്ഹേഗനില് മരിച്ചു വീണവന് സ്റ്റട്ട്ഗര്ട്ടില് ഗോളോടെ പുനര്ജന്മം.
ഒരു കളിക്കാരന്റെ ഹൃദയത്തിനൊപ്പം നിലച്ചുപോയ ഫുട്ബോള് ലോകത്തോടുള്ള, അയാള്ക്ക് വേണ്ടി കണ്ണീരണിയുകയും പ്രാര്ത്ഥിക്കുകയും ചെയ്ത ആരാധകരോടുള്ള കാലത്തിന്റെ കാവ്യനീതി. പ്രിയ എറിക്സണ് മരണത്തിന്റെ കടുത്ത ടാക്ലിങ്ങിനെയും അതിജീവിച്ചവനാണ് നിങ്ങള്. ഇനിയും പന്തുതട്ടുക. മുന്നേറുക.