ബോക്സിങ് ഫേസ് ഓഫ് ഷോ; പാക് ബോക്സറുടെ മുഖത്തടിച്ച് ഇന്ത്യൻ താരം; VIDEO

റഹീം പർദേശിയുടെ പ്രകോപനപരമായ പരാമർശങ്ങളും ആംഗ്യങ്ങളുമാണ് മനീഷ് ശർമയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ദുബായിൽ നടന്ന പ്രൊമോഷണൽ ഫേസ്-ഓഫ് പരിപാടിക്കിടെ ഇന്ത്യൻ ബോക്സർ പാകിസ്ഥാൻ ബോക്സറായ എതിരാളിയുടെ കരണത്തടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ദുബായിൽ നടന്ന 'ഫ്യൂറി ബൈ ദി സീ മൂക ബോക്സിംഗ്' ) പ്രൊമോഷണൽ പരിപാടിയിലെ സ്റ്റേജ് ഫേസ്-ഓഫിനിടെയാണ് "ഹാഫ് എൻജിനീയർ" എന്ന പേരിൽ പ്രശസ്തനായ ഇന്ത്യൻ ഇൻഫ്ലുവൻസർ-ബോക്സർ മനീഷ് ശർമ്മയും പാകിസ്ഥാൻ എതിരാളിയായ റഹീം പർദേശിയും തമ്മിലുള്ള തർക്കം അതിരുകടന്നത്.

മുഖാമുഖം പരിപാടിക്കിടെ ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. റഹീം പർദേശിയുടെ പ്രകോപനപരമായ പരാമർശങ്ങളും ആംഗ്യങ്ങളുമാണ് മനീഷ് ശർമയെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് നിയന്ത്രണംവിട്ട മനീഷ് പർദേശിയുടെ മുഖത്തടിക്കുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ വേദിയിലുണ്ടായിരുന്നവർ അമ്പരന്നു. സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് സുരക്ഷാ ജീവനക്കാർ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ഇന്ത്യൻ താരത്തിന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. മത്സരത്തിന് മുമ്പുള്ള പ്രചാരണ പരിപാടിയിൽ ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന അഭിപ്രായവും ഉയർന്നു.

അതേസമയം, മനീഷിന്റെ അടിക്ക് നവംബർ ആറിന് മറുപടി നൽകുമെന്ന പ്രതികരണവുമായി റഹീം പർദേശിയും രംഗത്തെത്തി. അടി അപ്രതീക്ഷിതമായിരുന്നെങ്കിലും വേദനിച്ചില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

content highlights:  High-voltage drama erupted during a boxing face-off show when an Indian boxer slapped his Pakistani opponent after an intense verbal spat.

To advertise here,contact us